’36 വർഷത്തെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച ഗാനം’; ഒടിയന്റെ വിശേഷങ്ങളുമായി എംജി ശ്രീകുമാറും എം ജയചന്ദ്രനും

July 15, 2018

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ഒടിയനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഗായകൻ എംജി ശ്രീകുമാറും സംഗീത സംവിധായകൻ എം ജയചന്ദ്രനും. ഫേസ്ബുക് ലൈവിലൂടെയാണ് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ വിശേഷങ്ങളുമായി ജയചന്ദ്രനും ശ്രീകുമാറും എത്തിയത്.

വളരെ വ്യത്യസ്തമായ കഥാപശ്ചാത്തലവുമായി എത്തുന്ന ‘ഒടിയനു’ വേണ്ടി  തികച്ചും പുതുമയുണർത്തുന്ന രീതിയിലാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ജയചന്ദ്രൻ പറഞ്ഞു. നീണ്ട നാളത്തെ ചിന്തകൾക്കൊടുവിലാണ് ഒടിയന്റെ കഥാപശ്ചാത്തലവുമായി ചേർന്നു നിൽക്കുന്ന നാടോടി സ്പർശമുള്ള ഗാനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതെന്നും ഗാനങ്ങൾ പുറത്തിറങ്ങുമ്പോൾ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

ഒടിയനിലെ ‘മുത്തപ്പന്റെ ഉണ്ണി’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്..36 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ച ഗാനമാണ് ഒടിയനിലൂടെ ലഭിച്ചതെന്നും ഗാനം പുറത്തിറങ്ങുമ്പോൾ സൂപ്പർ ഹിറ്റാകുമെന്നാണ് പ്രതീക്ഷയെന്നും എം ജി ശ്രീകുമാർ പറഞ്ഞു.

ശങ്കർ മഹാദേവും  ശ്രേയാ ഘോഷാലുമാണ് ചിത്രത്തിലെ മറ്റു ഗായകർ..റഫീഖ് അഹമ്മദാണ് ഗാനങ്ങളുടെ വരികളെഴുതിയിരിക്കുന്നത്.ഒക്ടോബർ 11 ന് നാനൂറിലധികം സ്‌ക്രീനുകളിലായി  ഒടിയൻ റിലീസ് ചെയ്യും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.