‘മോഹിനി’ തിയേറ്ററുകളിലേക്ക് ; സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി അണിയറപ്രവർത്തകർ
കുറഞ്ഞ കാലയളവുകൊണ്ട് ആരാധക മനസിൽ ഇടം നേടിയ തൃഷ നായികയായി എത്തുന്ന പുതിയ ഹൊറർ ചിത്രമാണ് ‘മോഹിനി’. പ്രതികാര ദാഹിയായ മോഹിനി എന്ന കഥാപാത്രമായും വൈഷ്ണവി എന്ന കഥാപാ ത്രമായും തൃഷ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ചില ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് നിർമ്മാതാവായ എസ് ലക്ഷ്മൺ. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയ അണിയറ പ്രവർത്തകർക്ക് ഉണ്ടായ അനുഭവമാണ് താരം വെളിപ്പെടുത്തിയത്.
‘കേരളത്തിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ബാധ ഒഴിപ്പിക്കല്‍ നടക്കാറുണ്ട്. അവിടെ വച്ച് അവിശ്വസീനമായ ഒരു കാഴ്ച ഞങ്ങൾ കണ്ടു. കുരുതി പൂജ തുടങ്ങിയപ്പോള്‍ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടി നിയന്ത്രണാതീതമായി പ്രതികരിക്കാന്‍ തുടങ്ങി. എന്ത് ശക്തിയാണെന്ന് എനിക്കറിയില്ല. എട്ടൊന്‍പത് പുരുഷന്മാര് കൂടിയിട്ടും അവളെ നിയന്ത്രിക്കാൻ സാധിച്ചില്ല. ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടു. അവിടെനിന്നു പുറത്ത് വന്നിട്ടും ആ രംഗം ഞങ്ങളെ വേട്ടയാടി. അതൊരിക്കലും മറക്കാനാകില്ല. ഒരുപാട് ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് മോഹിനി പൂർത്തിയാക്കിയത്.’ നിർമ്മാതാവ് എസ് ലക്ഷ്മൺ പറഞ്ഞു. തൃഷ ഇല്ലായിരുന്നുവെങ്കിൽ ചിത്രം പൂർത്തിയാക്കാൻ സാധിക്കുകയില്ലായിരുന്നുവെന്ന് സംവിധായകൻ ആർ മതേഷ് അഭിപ്രായപ്പെട്ടു.
ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ചു ചിത്രീകരിച്ചിരിക്കുന്ന മോഹിനിയുടെ രചനയും സംവിധാനവും ആര് മാതേഷാണ് നിർവഹിച്ചിരിക്കുന്നത്. മോഹിനി, വൈഷ്ണവി എന്നീ രണ്ട് കഥാപാത്രങ്ങളായാണ് താരം ചിത്രത്തിൽ എത്തുന്നത്. ലണ്ടനിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ചീഫ് എഞ്ചിനീയറായി ജോലിചെയ്യുന്ന മോഹിനി അവിടെ നടക്കുന്ന മനുഷ്യത്വ രഹിതമായ ചില പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതും അതെതുടർന്ന് മോഹിനിയെ കമ്പനിയിലെ ചെയർമാൻ കൊല്ലുന്നതുമാണ് കഥയുടെ പ്രമേയം.
പിന്നീട് വൈഷ്ണവി എന്ന ഷെഫിൽ മോഹിനിയുടെ ആത്മാവ് കയറുന്നതും തന്നെ അതിദാരുണമായി കൊലപ്പെടുത്തിയവരെ നശിപ്പിക്കുന്നതിനായി പ്രതികാര ദാഹിയായി നടക്കുന്നതുമാണ് ചിത്രം. തന്റെ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി ആറു മാസക്കാലം ആയോധനകലയിൽ പരിശീലനം തൃഷ നേടിയിരുന്നു. സുരേഷ്, പൂര്‍ണിമ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് വേണ്ടി ആര് ബി ഗുരുദേവ് ഛായാഗ്രഹണവും വിവേക്-മെര്വിന് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.