സുഡാനിക്ക് ശേഷം മുഹ്‌സിനും മുഹമ്മദും ഒന്നിക്കുന്നത് ‘കാക്ക921’ലൂടെ…

July 22, 2018

മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. കാക്ക921 (കാക്കതൊള്ളായിരത്തി ഇരുപത്തൊന്ന്) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ കെ എൽ 10 എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുഹ്‌സിൻ.  കെ എല്‍ 10 മലപ്പുറം കേന്ദ്രീകരിച്ചുള്ള  ഫുട്ബോൾ പ്രമേയമാക്കിയ ഒരു കഥയാണ്.

സൗബിന്‍ നായകനായി എത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്   സക്കരിയ മുഹമ്മദായിരുന്നു. ചിത്രത്തിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കുമൊപ്പം മുഹ്‌സിനും ഉണ്ടായിരുന്നു. സുഡാനിയിൽ സൗബിനൊപ്പം നൈജീരിയക്കാരനായ സാമുവൽ റോബിൻസണും പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിരുന്നു. ഫുട്ബോൾ പ്രമേയമാക്കിയുള്ള സുഡാനി ഫ്രം നൈജീരിയയുടെ വന്‍ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം വളരെ  പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സി വി സാരഥിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഡാനിക്ക് ശേഷം സൗബിൻ നായകനായി എത്തുന്ന അമ്പിളി എന്ന ചിത്രം നിർമ്മിക്കുന്നതും സി വി സാരഥിയാണ്.