തളർന്ന കാലുകളിൽ ഒപ്പനയ്ക്ക് താളമിട്ട് ഒരുകൂട്ടം ഉമ്മച്ചികുട്ടികൾ…
കേരളത്തിലെ മാപ്പിള കലാ അധ്യാപക കൂട്ടായ്മയായ കോർവാ കഴിഞ്ഞ ദിവസം തിരൂരിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ശാരീരിക വൈകല്യങ്ങളെ മറന്ന് ഒപ്പനയ്ക്ക് താളമിട്ട് ഒരു കൂട്ടം സുന്ദരിമാർ അരങ്ങ് തകർത്തത്. പ്രവാസികളുടെ സഹകരണത്തോടെയാണ് കഴിഞ്ഞ ദിവസം തിരൂർ കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കീഴിലുള്ള നിലാവ് ഡേകെയറിലെയും തിരൂർ കിൻഷിപ്പ് ഫൗണ്ടേഷനിലെയും അംഗങ്ങൾ ഒപ്പനയ്ക്ക് താളമിട്ടത്.
മണവാട്ടിയെ മധ്യത്തിൽ ഇരുത്തി തൊഴിമാർ ചുറ്റും ചക്രക്കസേരിയിൽ ഇരുന്നാണ് ഒപ്പനക്ക് താളമിട്ടത്. അരയ്ക്ക് താഴേക്ക് തളർന്ന് വീൽചെയറിൽ ഇരിപ്പിലായ ഇവർക്ക് ജീവിതത്തിൽ പിച്ചവച്ചു നടക്കാൻ കഴിയില്ലെങ്കിലും കലയുടെ ലോകത്ത് ഇവർ തളരാത്ത മനസുമായി മുന്നേറുകയാണ്.
നാസർ കുറ്റൂർ, അനസ്, ആബീദ ,സഫ്ന എന്നിവരുടെ പരിശീലനത്തിൽ സൽമ തിരൂർ, ആബീദ ,ബുഷ്‌റ നിറമരുതൂർ,റഹ് മത്ത് കൂട്ടായി, സാജിദ, ഫാരിസ തലക്കടത്തൂർ, ഫസീല തലക്കടത്തൂർ, നസീമ നടുവിലങ്ങാടി, സഫീത ഹുസൈൻ, സമീറ മങ്ങാട്, നസിയ പയ്യനങ്ങാടി എന്നിവരാണ് വീൽ ചെയറിലിരുന്ന് ഒപ്പനക്ക് താളമിട്ടത്. മനോഹരമായ ഇവരുടെ ഒപ്പന പാട്ടിനൊപ്പം സദസ് മുഴുവൻ നിറഞ്ഞാടി. കാലുകൾ തളർന്നിട്ടും മനസ് തളരാതെ പോരാടുന്ന ഇവർക്ക് പ്രശംസയുമായി നിരവധിപ്പേരാണ് എത്തിയത്.