പൂമരത്തിന് ശേഷം ‘ഹാലു’മായി അജീഷ് ദാസ്; ‘ഒരു പഴയ ബോംബ് കഥ’യിലെ ആദ്യഗാനം കാണാം

July 1, 2018

മലയാള സിനിമാ ലോകത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ പുതിയ ചിത്രം ‘ഒരു പഴയ ബോംബ് കഥ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ഹാല് ഹാല്…  ചിരികണ്ടാൽ ഹാല്…’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്.   പൂമരത്തിലെ ഹിറ്റ് പാട്ടുകള്‍ രചിച്ച അജീഷ് ദാസന്റെ രചനയില്‍ അനുരാജ് സംഗീതം നല്‍കി അഫ്‌സല്‍ പാടിയ ഗാനമാണിത്.

ഒരു പഴയ ബോംബ് കഥയിൽ ഇത്തവണ ഒരു പുതുമുഖ നടനൊപ്പമാണ് ഷാഫി മലയാളികളെ ചിരിപ്പിക്കാനൊരുങ്ങുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ബിബിൻ ജോർജാണ് ‘ഒരു പഴയ ബോംബ് കഥ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകൻ. പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ ബിബിന്റെ നായികയായി എത്തുന്നത്. കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. ഇത് നിങ്ങളെ ചിരിപ്പിക്കുന്ന…..സന്തോഷിപ്പിക്കുന്ന “ബോംബ് ” എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബൻ നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രോമോ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.