‘തേന്മാവിൻ കൊമ്പി’ന് ശേഷം ‘പപ്പു’വിലെ ‘പാലക്കാടൻ കാറ്റുമായി മാൽഗുഡി ശുഭ എത്തുന്ന ഗാനം കേൾക്കാം
സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് നായകനായെത്തുന്ന പുതിയ ചിത്രം പപ്പുവിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘പാലക്കാടന്‍ കാറ്റേ..പനയോല കാറ്റേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രം തേന്മാവിന് കൊമ്പത്തിലെ ‘നിലാപൊങ്കലായാലോ’ എന്ന ഗാനം മലയാളികൾക്ക് സമ്മാനിച്ച മാല്‍ഗുഡി ശുഭയാണ് ഈ ഗാനം ആലപിക്കുന്നത്.
സ്വര മാധുര്യം കൊണ്ട് മലയാളിമനസ്സുകള്‍ കീഴടക്കിയ ശുഭ ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് പപ്പുവിലെ ഈ ഗാനത്തിലൂടെ. ‘പപ്പു’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനമാണ് ശുഭ ആലപിക്കുന്നത്. നാട്ടിന്‍പുറത്തെ പ്രണയം പ്രമേയമാക്കിയ ഈ ചിത്രത്തിൽ ഗോകുൽ സുരേഷിൻറെ നായികയായി എത്തുന്നത് പുതുമുഖം ഇഷ്നി റാണിയാണ്. ജയലാല്‍ മേനോന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ഉമേഷ് കൃഷ്ണനാണ്. ഗണപതി, ഷെഹിന് സിദ്ദിഖ്, മറീന മൈക്കിള്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അരുള്‍ ദേവ് ആണ്. പാലക്കാടിന്റെ പ്രകൃതിഭംഗി വിവരിക്കുന്ന ഗാനമാണ് പാലക്കാടന്‍ കാറ്റേ..പനയോല കാറ്റേ. പാലക്കാടന്‍ കാറ്റിന്റെ പ്രത്യേകതയും നാട്ടിന്‍പുറത്തുകാരുടെ സവിശേഷതയും പ്രണയവും എല്ലാം ഈ ഗാനത്തിലൂടെ കടന്നുപോകുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്, പി റ്റി ബിനു, ജയശ്രീ കിഷോര്‍ എന്നിവരാണ്. നാലുഗാനങ്ങള്‍ ഉള്ള ചിത്രത്തില്‍ ഒരു ഗാനം സംഗീതം നല്കി ആലപിച്ചിരിക്കുന്നത് ബെന്നി ധയാല്‍ ആണ്.