‘ഈ തോൽവി ഹൃദയഭേദകം’; നിരാശയോടെ ബ്രസീൽ സൂപ്പർ താരം

July 7, 2018

റഷ്യൻ ലോകകപ്പിലെ ‘മിനി ഫൈനൽ’ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരമായിരുന്നു  ബ്രസീൽ-ബെൽജിയം പോരാട്ടം.ലോകത്തെ ഏറ്റവും മികച്ച ഒരുപിടി  താരങ്ങൾ ഇരു ടീമുകളിലുമായി ഏറ്റുമുട്ടിയപ്പോൾ  റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നാണ്  കസാൻ അരീനയിൽ ഇന്നലെ കണ്ടത്..

ആക്രമണ ഫുട്ബാളിലൂടെ ബെൽജിയത്തെ കീഴടക്കാനിറങ്ങിയ  ബ്രസീലിനെതിരെ  മൂർച്ചയേറിയ കൗണ്ടറുകളിലൂടെ മുന്നേറിയ ബെൽജിയം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മത്സരം സ്വന്തമാക്കി. കിരീട പ്രതീക്ഷകളുമായി ലോകകപ്പിനെത്തിയ നെയ്മറേയും സംഘത്തെയും ഞെട്ടിച്ചുകൊണ്ടാണ് ബെൽജിയം സെമി ഫൈനലിലെത്തിയത്..

ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷകൾ തെറ്റിച്ച തോൽവി ഉൾക്കൊള്ളാനാവുന്നില്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുയാണ് മധ്യനിരതാരം  പൗളിഞ്ഞോ..മത്സര ശേഷം മാധ്യമപ്രവർത്തകരോടാണ് പൗളിഞ്ഞോ തന്റെ ദുഃഖം പങ്കു വെച്ചത്…

“ബെൽജിയത്തിനെതിരായ തോൽവി വിശ്വസിക്കാനാകുന്നില്ല..2014 ൽ ജർമ്മനിയോട് തോറ്റതിനെക്കാൾ അതികഠിനമാണ് ഈ തോൽവി. മികച്ച രീതിയിൽ പൊരുതിയിട്ടും വിജയം നേടാൻ കഴിഞ്ഞില്ലെന്നത് ഞങ്ങളെ അത്രമേൽ മുറിപ്പെടുത്തുന്നു..അസ്വസ്ഥമാക്കുന്നു..-പൗളിഞ്ഞോ പറഞ്ഞു

2014 ലോകകപ്പിൽ  സ്വന്തം കാണികൾക്ക് മുൻപിൽ ഒന്നിനെതിരെ  ഏഴു ഗോളുകൾക്ക് തകർന്നതിന്റെ നൊമ്പരം പേറുന്നവരാണ് ബ്രസീലിയൻ ജനത..റഷ്യയിൽ കിരീടനേട്ടത്തോടെ ബ്രസീൽ പകരം വീട്ടുമെന്ന് പ്രതീക്ഷിച്ച ആരാധകരെ  കൂടുതൽ സങ്കടത്തിലാക്കിയാണ് റഷ്യയിൽ നിന്നും കാനറിപ്പട വിടപറയുന്നത്.