മഹാരാജാസിലെ ഓർമ്മകളുമായി ‘പൂമര’ത്തിലെ വീഡിയോ ഗാനം
കാളിദാസ് ജയറാം മലയാള സിനിമയിലെ നായക നിരയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം പൂമരത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മഹാരാജാസ് കോളേജ് യൂണിയന് ചെയര്‍മാനും എംജി സര്‍വ്വകലാശാല യൂണിയന് കലോത്സവ പ്രതിഭയും ആയിരുന്ന നാസിൽ എഴുതി സംഗീതം നല്കി പാടിയ ‘തകതാരോ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മഹാരാജാസ് കോളേജ് കലോത്സവ ദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ വീഡിയോ ഗാനം.
ഐബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച പൂമരം ഒരു സമ്പൂർണ ക്യാമ്പസ് ചിത്രമാണ്. കാളിദാസ് ജയറാമിനൊപ്പം കുഞ്ചാക്കോ ബോബൻ , മീരാജാസ്മിൻ തുടങ്ങി നിരവധി പ്രമുഖർ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫൈസൽ റാസി, ഗിരീഷ് കുട്ടൻ എന്നിവർ ചേർന്നാണ്.
ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’, ‘കടവാത്തൊരു തോണിയിരിപ്പൂ’ തുടങ്ങിയ ഗാനങ്ങൾ ചിത്രം റിലീസ് ആവുന്നതിന് മുമ്പ് തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. ബാല താരമായെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കാളിദാസ് ജയറാമിന്റെ നായകനായുള്ള അരങ്ങേറ്റത്തെ വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.