പ്രേതമാകാനൊരുങ്ങി വീണ്ടും ജയസൂര്യ…

July 17, 2018

ജയസൂര്യയെ നായകനാക്കി  സംവിധായകൻ രഞ്ജിത്ത് നിർമ്മിച്ച ‘പ്രേത’ത്തിന്റെ രണ്ടാം ഭാഗം ഉടൻ. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും പ്രേതത്തിന്റെ രണ്ടാം ഭാഗമെന്ന് സംവിധായകൻ രഞ്ജിത് അറിയിച്ചു. അജു വര്‍ഗീസ്, ധര്‍മജന്‍, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, തുടങ്ങി വലിയ താരനിരകളെ അണിനിരത്തിയായിരുന്നു പ്രേതത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചിരുന്നത്.

ജയസൂര്യ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം പ്രേതം ഒന്നിന്റെ തുടർച്ചയായിരിക്കില്ല. പുതിയ ചിത്രം ഈ വർഷം ഡിസംബറോടുകൂടി തിയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടിയാണ് ഇരുവരുടെയും കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചലച്ചിത്രം.

ജയസൂര്യ ട്രാൻസ്ജെന്ററുടെ വേഷത്തിലെത്തുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്‌കോയായി ജയസൂര്യ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.