ബല്ലാൽദേവന് ശേഷം ‘ഹിരണ്യകശിപു’ ആകാനൊരുങ്ങി റാണ

July 4, 2018

ഗുണശേഖർ സംവിധാനവും തിരക്കഥയുമൊരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി റാണ ദഗുബതി എത്തുന്നു. രാജമൗലിയുടെ ചിത്രം ബാഹുബലിയില്‍ പ്രതിനായകന്‍ ബല്ലാല്‍ദേവനായി ഗംഭീരപ്രകടനം നടത്തിയ തെലുങ്ക് സൂപ്പര്‍ താരം റാണ ദഗുബതിയുടെ അടുത്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 180 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ പേര് ‘ഹിരണ്യകശിപു’ എന്നാണ്.

പുരാണകഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ഹിരണ്യകശിപു എന്ന ചിത്രത്തില്‍ റാണ അവിസ്മരണീയമായ അഭിനയം തന്നെ കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തില്‍ ഹിരണ്യകശ്യപിന്റെ വേഷത്തിലാണു റാണയെത്തുന്നത്.  സുരേഷ് ബാബു നിര്‍മിക്കുന്ന ചിത്രം 2019ല്‍ ചിത്രീകരണമാരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

സിനിമ എല്ലാ ഇന്ത്യന്‍ ഭാഷകളിലുമായി റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പദ്ധതി. പ്രശസ്ത കലാ സംവിധായകന്‍ മുകേഷ് സിങാണ് ചിത്രത്തിനായി സെറ്റുകളൊരുക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.