കളിക്കളത്തിലിറങ്ങാതെ സംഗീതജ്ഞനായി ആരാധകരെ കൈയ്യിലെടുത്ത് റൊണാൾഡീഞ്ഞോ

July 16, 2018

റഷ്യൻ ലോകകപ്പിൽ ആരാധകരെ കൈയ്യിലെടുത്ത് ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ. ഇത്തവണ കളിക്കളത്തിലിറങ്ങാതെയാണ് താരം ആരാധകരെ കൈയ്യിലെടുത്തത്. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ലുഷ്‌കിനി സ്റ്റേഡിയത്തിൽ വെച്ച് ഡ്രംസ് വായിച്ചാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ആർത്തിരമ്പിയ ഗ്യാലറിയെ സാക്ഷിയാക്കി കിക്കോഫ് വേദിയിൽ റൊണാൾഡീഞ്ഞോ ഡ്രംസ് വായിച്ചപ്പോൾ ആയിരങ്ങളാണ് താരത്തിനൊപ്പം  ലയിച്ചുചേർന്നത്.

റഷ്യൻ ലോകകപ്പിന്റെ കലാശപോരാട്ടത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ അമേരിക്കൻ ഗായകൻ നിക്കി ജാമിന്റെ സംഗീത വിരുന്നും വേദിയെ മാസ്മരികമാക്കി. ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിച്ച നിക്കി ജാമിനൊപ്പം അല്‍ബേനിയന്‍ ഗായകന്‍ എറ ഇസ്സ്‌ട്രെഫിയും അമേരിക്കന്‍ നടനായ വില്‍ സ്മിത്തും ചേർന്നു. ഇതിന് ശേഷമാണ് ഡ്രംസ് വായിച്ച് ലോകകപ്പ് വേദിയെ റൊണാൾഡീഞ്ഞോ ആവേശത്തിലാഴ്ത്തിയത്.