ഫുട്‌ബോള്‍ ടീമില്ലാത്ത അവസാന രാജ്യം, ഇനിയുമെത്ര കാലം..? പേരുദോഷം മാറ്റാനൊരുങ്ങി മാര്‍ഷല്‍ ദ്വീപുകള്‍

December 5, 2023

പസഫിക് സമുദ്രത്തിലെ ഏറ്റവും ചെറിയ രാജ്യം. ജനസംഖ്യ അറുപതിനായിരത്തോളം മാത്രം. ടൂറിസ്റ്റുകളുടെ ബക്കറ്റ് ലിസ്റ്റിലേക്ക് എളുപ്പത്തില്‍ കയറിപ്പറ്റുന്ന ഈ കുഞ്ഞരാജ്യമാണ് മാര്‍ഷല്‍ ദ്വീപുകള്‍. എന്നാല്‍ സമീപകാലത്തായി ഈ ദ്വീപ് ചര്‍ച്ചകളിലിടം നേടുന്നത് ‘ഫുട്‌ബോള്‍ ടീമില്ലാത്ത ലോകത്തെ അവസാന രാജ്യം’ എന്ന പേരിലാണ്. ഒടുവില്‍ ആ ദുഷ്‌പേര് മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. ( Marshal Islands last country on earth without football team )

ഇതിനായി യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും അതുവഴി ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയില്‍ അംഗത്വം നേടിയെടുക്കുന്നതിന് മാര്‍ഷല്‍ ദ്വീപുകാരുടെ ശ്രമം. അതിനായി അവര്‍ തെരഞ്ഞെടുത്തത് സ്‌കൂളുകളാണ്. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഫുട്‌ബോള്‍ പരിശീലനം നിര്‍ബന്ധമാക്കുകയാണ് മാര്‍ഷല്‍ ദ്വീപ് സോക്കര്‍ ഫെഡറേഷന്‍.

2020 ഡിസംബര്‍ 31-നാണ് മാര്‍ഷല്‍ ദ്വീപില്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥാപിച്ചത്. എന്നാല്‍ പ്രഖ്യാപന സമയത്ത് രാജ്യത്തിന് സ്വന്തമായി ഫുട്‌ബോള്‍ ടീം ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം. തൊട്ടടുത്ത വര്‍ഷം സോക്കര്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി യുവേഫ ലൈസന്‍സുള്ള ബ്രിട്ടീഷുകാരന്‍ ലോയ്ഡ് ഒവേഴ്‌സിനെ നിയമിച്ചു.

ഇദ്ദേഹത്തിന്റെ വരവോടെയാണ് രാജ്യത്തിനായി ഫുട്‌ബോള്‍ ടീമിനെ ഒരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി പരിസ്ഥിതി സൗഹൃദ ജഴ്‌സി രൂപകല്‍പന ചെയ്ത ലോയ്ഡ് രാജ്യത്ത് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുള്ള തുടക്കമിട്ടു. തുടര്‍ന്ന് ദേശീയ ടീമിന്റെ ഭാഗമാകാന്‍ താത്പര്യമുള്ള പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി റിക്രുട്ട്‌മെന്റുകളും നടത്തി.

ഇതിനിടെ അടുത്തവര്‍ഷം നടക്കുന്ന പത്താമത് മൈക്രോനേഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി മാര്‍ഷല്‍ ദ്വീപ് രംഗത്തെത്തിയത്. ഈ ഗെയിംസില്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ അരങ്ങേറ്റ മത്സരം നടക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുഞ്ഞന്‍ രാജ്യത്തിന്റെ ഫുട്‌ബോള്‍ സ്വപ്‌നം പൂവണിയണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.

Read Also : എ ടീമിനൊപ്പമുള്ള നായകമികവ് തുണയായി; മിന്നുമണി ഇന്ത്യന്‍ സീനിയര്‍ ടീമില്‍

ഓഷ്യാനിക് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയും പച്ചക്കൊടി കാട്ടിയാല്‍ മാത്രമെ അന്താരാഷ്ട്ര ഫുടബേളില്‍ പന്ത തട്ടാനാകു. ഒ.എഫ്.സി.യില്‍ അംഗത്വമുണ്ടായിട്ടും മൈക്രോനേഷ്യന്‍ രാജ്യമായ കിരിബാറ്റി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇപ്പോഴും ഫിഫയ്ക്ക് പുറത്താണ് എന്നതിനാല്‍ മാര്‍ഷല്‍ ദ്വീപുകാര്‍ ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരും എന്നത് വലിയ ചോദ്യമായി തുടരുകയാണ്.

Story Highlights : Marshal Islands last country on earth without football team