‘ഇത് സിനിമ സ്വപ്നം കണ്ടു നടക്കുന്നവരുടെ കഥ’; സലിം അഹമ്മദിന്റെ പുതിയ ചിത്രത്തിൽ സംവിധായകനായി ടൊവിനോ

July 1, 2018

മലയാളത്തിലും തമിഴിലുമായി തിളങ്ങി നിൽക്കുന്ന താരമാണ് ടൊവിനോ തോമസ്.  സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആൻഡ് ദി ഓസ്കർ ഗോസ് ടൂ എന്ന ചിത്രത്തിലും നായകവേഷത്തിലെത്തുകയാണ് ടൊവിനോ. നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ആൻഡ് ദി ഓസ്കർ ഗോസ് ടൂ. ചിത്രത്തിൽ സംവിധായകനായാണ് ടൊവിനോ വേഷമിടുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമ കൈകാര്യം ചെയ്യുന്ന ചിത്രമാണ്  ആൻഡ് ദി ഓസ്കർ ഗോസ് ടൂ. സിനിമ സ്വപ്നം കണ്ടു നടക്കുന്ന നിരവധി പേരുടെ ജീവിതകഥ കൂടിയായിരിക്കും ഈ ചിത്രമെന്നും സംവിധായകൻ സലിം അഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഓസ്കർ പുരസ്കാരത്തോടനുബന്ധിച്ചാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന സലിം അഹമ്മദിന്റെ രണ്ടു ചിത്രങ്ങളും നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായതിനാൽ പുതിയ ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പുതിയ ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത് അനു  സിത്താരയാണ്. ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം അഭിയുടെ കഥ അനുവിന്റേയും എന്ന ചിത്രത്തിന് ശേഷം പുതിയ രണ്ട് ചിത്രങ്ങൾ കൂടി റിലീസിനൊരുങ്ങുകയാണ്. തീവണ്ടി, മറഡോണ എന്നീ രണ്ടു ചിത്രങ്ങളാണ് ആരാധകർ കാത്തിരിക്കുന്ന ടൊവിനോ ചിത്രങ്ങൾ. ഒരു കുപ്രസിദ്ധ പായാൻ എന്ന മധുപാൽ ചിത്രവും അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.