മലയാളികളുടെ പ്രിയപ്പെട്ട ‘കുട്ടിമാമ’ വെള്ളിത്തിരയിലേക്ക്; ‘കുട്ടിമാമ’ന്റെ കഥപറഞ്ഞ് അച്ഛനും മകനും…

July 12, 2018

‘കുട്ടിമാമ ഞാൻ പെട്ട് മാമ’ …യോദ്ധ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഈ ഒറ്റ ഡയലോഗിലൂടെ  മലയാളികൾക്ക്  പ്രിയപ്പെട്ടവനായി മാറിയ കഥാപാത്രമാണ് കുട്ടിമാമ. ഇപ്പോൾ കുട്ടിമാമയുടെ കഥയുമായി എത്തുകയാണ് ഒരു കൂട്ടം സിനിമ പ്രേമികൾ.  സംവിധായകന്‍ വി എം വിനു നിർമ്മിക്കുന്ന പുതിയ ചിത്രമാണ്  ‘കുട്ടിമാമ’. യോദ്ധയിലെ  കുട്ടിമാമയുമായി ബന്ധമില്ലെങ്കിലും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു പട്ടാളക്കാരന്‍റെ കഥയാണ് ‘കുട്ടിമാമ’യിലൂടെ പറയുന്നത്. ചിത്രത്തിൽ കുട്ടിമാമയായി എത്തുന്നത് ശ്രീനിവാസനാണ്. സിനിമയിൽ  അച്ഛനും മകനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നടൻ  ശ്രീനിവാസനും ഇളയമകന്‍ ധ്യാന്‍ ശ്രീനിവാസനുമാണ് സിനിമയിൽ  കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.  ധ്യാൻ ശ്രീനിവാസിന്റെ നായികയായി ചിത്രത്തിൽ വേഷമിടുന്നത് വിമാനം എന്ന ചിത്രത്തിലെ നായിക ദുർഗ കൃഷ്ണയാണ്.

സംവിധായകൻ വി എം വിനു ആറു വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ. സിനിമയുടെ ചിത്രീകരണം ഈ വര്ഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ശ്രീനിവാസനും വി എം വിനുവും മുന്‍പ് ഒരുമിച്ച ‘മകന്‍റെ അച്ഛന്‍, യെസ് യുവര്‍ ഓണര്‍’ എന്നിങ്ങനെ രണ്ടു ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു.

വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിച്ച ചിത്രം അച്ഛന്റെ മകൻ സംവിധാനം ചെയ്തതും സംവിധായകൻ വി എം വിനു ആയിരുന്നു. ഫുൾ ടൈം ഫാമിലി എന്റെർറ്റൈനെർ ആയ ചിത്രവും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.