സഹസംവിധായകനായി ഉണ്ണി മുകുന്ദൻ; മമ്മൂട്ടിക്കും സേതുവിനുമൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് താരം

July 21, 2018

നിരവധി സിനിമകളുടെ തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ സഹസംവിധായകനായി എത്തുന്നത് നടൻ ഉണ്ണി മുകുന്ദനാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് മമ്മൂട്ടിക്കും സേതുവിനുമൊപ്പം  വർക്ക് ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം ഉണ്ണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.

കുട്ടനാടിന്റെ കഥപറയുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അനു സിത്താര, ഷംന കാസീം, ലക്ഷ്മി റായി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെ ആളുകളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന വ്യക്തിയായാണ് മമ്മൂട്ടി എത്തുന്നത്.

അനന്ത വിഷന്റെ ബാനറിൽ പി മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെമ്മറീസിന് ശേഷം ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. പ്രദീപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീത സംവിധാനം നിശ്ചയിച്ചിരിക്കുന്നത് ശ്രീനാഥാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ബിജിപാലാണ്.

മല്ലൂസിങ്ങ്, റോബിൻഹുഡ്, അച്ചായൻസ് തുടങ്ങി  ഒരുപാട്  ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.  ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഒരു കുട്ടനാടൻ ബ്ലോഗിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.