‘ഹൗ ഓൾഡ് ആർ യൂ’ വിലെ ‘നിരുപമ’ ആകാനൊരുങ്ങി വിദ്യാ ബാലൻ…

July 14, 2018

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വന്ന ചിത്രമാണ് ‘ഹൗ ഓൾഡ് ആർ യു’. ചിത്രത്തിൽ നിരുപമ എന്ന മധ്യവയസ്കയായാണ് മഞ്ജു എത്തുന്നത്. റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലേക്കും നിർമ്മിക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ നിരുപമയായി എത്തുന്നത് വിദ്യാ ബാലൻ ആയിരിക്കുമെന്നാണ് സൂചന.

2014 ൽ വൻ വിജയമായിരുന്ന ചിത്രം പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴിൽ ജ്യോതിക നായികയായി എത്തിയ ചിത്രത്തിന്റെ പേര് ’36 വയതിനിലെ’ എന്നായിരുന്നു. വിവാഹ ശേഷമുള്ള ജ്യോതികയുടെയും തിരിച്ചുവരവ് ഈ ചിത്രത്തിലൂടെയായിരുന്നു. ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യയാണ്  ’36 വയതിനിലെ’ നിർമ്മിച്ചത്.

നിവിൻ പോളി, മോഹൻലാൽ എന്നീ താരങ്ങളെ മുഖ്യകഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്‌റൂസ് ഇപ്പോൾ ചിത്രീകരിച്ച് കൊണ്ടിരിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം പുതിയ ചിത്രത്തിന്റെ വർക്കുകൾ ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ആന്ധ്രാപ്രദേശ് മുൻ മുഖ്യ മന്ത്രിയായിരുന്ന എൻ ടി  രാമറാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ എൻ ടി രാമറാവുവിന്റെ ഭാര്യയായാണ് വിദ്യാ ബാലൻ വേഷമിടുന്നത്.