പരീക്ഷ എന്തെന്നറിയാതെ പരീക്ഷാ ഹാളിൽ കയറി, എഴുതി തുടങ്ങിയപ്പോൾ ഉഷാറായി … 96-മത്തെ വയസിൽ പരീക്ഷ എഴുതി മുഴുവൻ മാർക്കും നേടി ഒരമ്മ

August 6, 2018

ജീവിതത്തിൽ ആദ്യമായി എഴുതുന്ന പരീക്ഷയാണ്. പരീക്ഷാഹാളിൽ കയറിയപ്പോൾ ലേശം അമ്പരപ്പ് ഇല്ലാതിരുന്നില്ല. ചുറ്റുമുള്ളവർ എല്ലാവരും ചോദ്യപേപ്പർ വായിച്ച് നോക്കുന്നു…പിന്നെ ഒന്നും നോക്കിയില്ല.  പരീക്ഷ പേപ്പർ പൂരിപ്പിച്ചു തുടങ്ങി…പിന്നെ ആളാകെ മാറി, ഉഷാറായി…ഈ പറയുന്നത് 96- മത്തെ വയസ്സിൽ ജീവിതത്തിൽ ആദ്യമായി പരീക്ഷ എഴുതി മുഴുവൻ മാർക്കും കരസ്ഥമാക്കിയ കാർത്യായനി അമ്മയെക്കുറിച്ചാണ്. സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പരീക്ഷയാണ് പരീക്ഷ എന്തെന്നറിയാതെ കാർത്യായനി ‘അമ്മ എഴുതിത്തുടങ്ങിയത്.

കാർത്യായനി ‘അമ്മ സ്കൂളിൽ പോയിട്ടില്ല, തന്റെ ഇളയ മകൾ അമ്മണിയമ്മ രണ്ട് വർഷം മുമ്പാണ് പത്താം ക്ലാസ് പരീക്ഷ പാസായത്. അന്ന് തുടങ്ങിയതാണ് പഠിക്കണെമെന്നും പരീക്ഷ എഴുതണമെന്നുമുള്ള കാർത്യായനി അമ്മയുടെ ആഗ്രഹം. സംസ്ഥാനത്ത് ആകെ നാല്പതിനായിരത്തോളം പേരാണ് ഈ പരീക്ഷ എഴുതിയത്. അതിൽ ഏറ്റവും പ്രായം കൂടുതലുള്ള ആളാണ് കാർത്യായനി അമ്മ. 100 മാർക്കിന്റെ പരീക്ഷയിൽ ആദ്യത്തെ ഭാഗം 30 മാർക്കിന്റെയാണ്, രണ്ടാമത്തെ ഭാഗം എഴുത്തു പരീക്ഷയാണ്. ആദ്യ ഭാഗത്തെ പരീക്ഷ കഴിഞ്ഞപ്പോൾ 30 ൽ 30 മാർക്കും കാർത്യായനി ‘അമ്മ കരസ്ഥമാക്കി. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ അകെ മുഖത്തൊരു പരിഭവംഒരുപാട് പഠിച്ചിരുന്നു, എന്നാൽ പരീക്ഷയിൽ വളരെ കുറച്ച് ,മാത്രമേ ചോദിച്ചുള്ളൂവത്രേ…

അമ്പലങ്ങളില്‍ തൂപ്പുജോലി ചെയ്താണ് കാര്‍ത്യായനി അമ്മ മക്കളെ വളര്‍ത്തിയത്. കണ്ണിന്റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഈ പ്രായത്തിനിടെ ആശുപത്രിയില്‍ പോയിട്ടേയില്ല. സസ്യാഹാരമാണ് ശീലം. ചിലപ്പോള്‍ ദിവസങ്ങളോളം കഴിക്കില്ല. ചോറുണ്ണുന്നത് അപൂര്‍വം മാത്രം. എന്നും പുലര്‍ച്ചെ നാലിനുണരും. ചെറുപ്പക്കാരേക്കള്‍ വേഗത്തില്‍ നടക്കും. 96 വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പ്…