ക്രിക്കറ്റിൽ മാത്രമല്ല കച്ചവടത്തിലും കേമനാണ് ഈ താരം; മൈതാനത്തിന് പുറത്ത് റേഡിയോ വിൽപ്പനക്കാരനായി ഒരു ക്രിക്കറ്റ് താരം..

August 13, 2018

ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താരമാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായിരുന്ന മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സച്ചിൻ തെണ്ടുൽക്കർ. സച്ചിനെപ്പോലെത്തന്നെ ഇന്ത്യയുടെ മുഴുവൻ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് ജൂനിയർ സച്ചിൻ അർജുൻ തെണ്ടുൽക്കർ. കഴിഞ്ഞ കുറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിന്ന താരം ഇപ്പോൾ വാർത്തകളിൽ ശ്രദ്ധാലുവായത് നല്ലൊരു കച്ചവടക്കാരന്റെ വേഷത്തിലാണ്.

ഇന്ത്യൻ ടീമിന് പരിശീലനവേളയിൽ ബോൾ ചെയ്തു കൊടുത്തും ലോർഡ്സിലെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ചും വാർത്തകളിൽ ഇടം നേടിയിരുന്ന താരം ലോർഡ്സ് മൈതാനത്തിനു പുറത്ത് റേഡിയോ വിൽപ്പനക്കാരനായി എത്തിയാണ് ഇത്തവണ ലോകത്തെ ഞെട്ടിച്ചത്. അർജുൻ തെൻഡുൽക്കറിനെ ലോർഡ്സ് മൈതാനത്തിനു പുറത്തുനിന്ന്  തിരിച്ചറിഞ്ഞതാകട്ടെ മുൻ ഇന്ത്യൻ താരം കൂടിയായ ഹർഭജൻ സിങ്.

ഹർഭജൻ സിങ്ങാണ് അർജ്ജുനൊപ്പമുള്ള ഫോട്ടോ സോഷ്യൽ  മീഡിയയിൽ പങ്കുവെച്ചതും. ഇതോടെ താരത്തിനെ പ്രശംസിച്ചുകൊണ്ട് താരങ്ങളുൾപ്പെടെ നിരവധി ആളുകൾ രംഗത്തെത്തി. “ഇന്ന് ലോർഡ്സിൽ റേഡിയോ വിൽക്കുന്നത് ആരാണെന്നു നോക്കൂ. അൻപതെണ്ണം വിറ്റുകഴിഞ്ഞു. വേഗം വാങ്ങിക്കോളൂ, കുറച്ചുകൂടിയേ അവശേഷിക്കുന്നുള്ളൂ… ‘ഗുഡ് ബോയ്” എന്ന ഹാഷ് ടാഗോടെയാണ് ഹർഭജൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.