ഇബ്ലീസിന് ശേഷം ‘അണ്ടർവേൾഡി’ലേക്ക് ഇറങ്ങാനൊരുങ്ങി ആസിഫ് അലി …
ചിത്രം തിരഞ്ഞെടുക്കുന്നതിൽ വ്യത്യസ്ഥത പുലർത്തുന്ന നായകനാണ് ആസിഫ് അലി. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന് ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച അരുൺ കുമാർ അരവിന്ദിന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുകയാണ് ആസിഫ് അലി. അരുൺ കുമാറിന്റെ കാറ്റ് എന്ന ചിത്രത്തിലും ആസിഫ് അലിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അണ്ടർവേൾഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം ഫർഹാൻ ഫാസിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അണ്ടർവേൾഡ്.
‘ഈ അടുത്ത കാലത്ത്’, ‘കോക്ക് ടെയിൽ’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘വൺ ബൈ റ്റു’, ‘കാറ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം അരുൺ എത്തുന്ന ചിത്രമാണ് ‘അണ്ടർവേൾഡ്’. ‘ഞാൻ സ്റ്റീവ് ലോപ്പസ്’, ‘ബഷീറിന്റെ പ്രേമലേഖനം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫർഹാൻ എത്തുന്ന ചിത്രം കൂടിയാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസീസ് തിരക്കഥ ഒരുക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും.
അതേസമയം ഇബ്ലീസാണ് ആസിഫ് അലിയുടേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം. രോഹിത് വി എസ് സംവിധാനം നിർവഹിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അൽഫോൺസ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ മഡോണ സെബാസ്റ്റ്യൻ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തുന്ന ചിത്രം എൺപതുകളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ അഖിൽ ജോർജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.