ക്യാമ്പുകളിൽ കളിച്ചും ചിരിച്ചും സിനിമാ താരങ്ങൾ; ‘ദുരന്തം മറക്കാനുറച്ച് കേരളക്കര’

August 28, 2018

കേരളക്കരയെ ഒന്നാകെ  ഞെട്ടിച്ച മഹാ പ്രളയത്തിന് ശേഷം കേരളം കരകയറിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ പിടിച്ചുയർത്താൻ സഹായ ഹസ്തവുമായി  ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്…ഇവർക്കൊപ്പം പത്തനം തിട്ടയിലെ, വല്ലന  ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരിക്കുകയാണ് സിനിമാ താരങ്ങളായ റിമാ കല്ലുങ്കൽ, രമ്യ നമ്പീശൻ, പാർവതി, റോഷൻ മാത്യു, സിദ്ധാർഥ് ശിവ, ദർശന രവീന്ദ്രൻ എന്നിവർ…ബാലാവകാശ കമീഷ​​ന്റെയും ജില്ല ശിശുസംരക്ഷണ യൂനിറ്റി​ന്റെയും  ദിശ എന്ന സന്നദ്ധ സംഘടനയുടെയും ആഭിമുഖ്യത്തിലാണ് താരങ്ങൾ ക്യാമ്പ് സന്ദർശനത്തിന് എത്തിയത്…

പ്രളയത്തിൽ എല്ലാം നഷ്‌ടപ്പെട്ട്  തളർന്നിരിക്കുന്നവർക്ക് ആശ്വാസം പകരുക എന്ന ഉദ്യേശത്തോടെയാണ് താരങ്ങൾ ക്യാമ്പിൽ  എത്തിയത്.  മഴക്കെടുതിയിൽ വീടും സാധനങ്ങളും നഷ്‌ടപ്പെട്ട്‌ എല്ലാം നശിച്ചിരിക്കുന്നവർക്കൊപ്പം സമയം ചിലവഴിക്കാനെത്തിയ താരങ്ങൾ നടൻ പാട്ടും ഡാൻസും വ്യത്യസ്ഥ കലാപരിപാടികളുമായി ഇറങ്ങിയതോടെ മറ്റെല്ലാ സങ്കടങ്ങളും മറന്ന് ക്യാമ്പിലുണ്ടായിരുന്നവരും ഇവർക്കൊപ്പം ചേർന്നു. കലയിലൂടെ സ്നേഹവും പ്രതീക്ഷയും നൽകുന്നതിനൊപ്പം തങ്ങളാൽ കഴിയുന്നതെന്തും ഇവർക്ക് വേണ്ടി ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും താരങ്ങൾ വ്യക്തമാക്കി.

പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ സംസ്ഥാന ബാലാവകാശ കമീഷന്റെയും  ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന കൗൺസലിംഗ് പരിപാടികളുടെ ഭാഗമായാണ് ക്യാമ്പിൽ കഴിയുന്നവർക്ക് സിനിമ താരങ്ങളുമായി സമയം ചിലവഴിക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കിത്. സ്‌ക്രീനിൽ മാത്രം കണ്ടു പരിചയമുള്ള താരങ്ങൾ, യാതൊരു താര പരിവേഷങ്ങളുമില്ലാതെ തങ്ങൾക്കുമുന്നിൽ എത്തിയപ്പോൾ എല്ലാ ദുഖങ്ങളും മറന്ന് ക്യാമ്പിലുണ്ടായിരുന്നവരും ഇവർക്കൊപ്പം ചേർന്നു.