‘പ്രളയ ബാധിതർക്ക് വേണ്ടി ഒരു സൈക്കിൾ സവാരി’; കേരളത്തിന്റെ കയ്യടി നേടി പൊലീസ് മേധാവിയും സംഘവും…
കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ പഴയ രീതിയിൽ പടുത്തുയർത്താൻ സാഹായ ഹസ്തവുമായി ലോകം മുഴുവനും മുന്നോട്ട് വരുന്നത് കേരള ജനതയ്ക്ക് ഏറെ ആശ്വാസമായി മാറുന്ന വാർത്തയാണ്. അതേസമയം കേരളത്തിന് കൂടുതൽ ആശ്വാസം പകരാൻ എത്തിയിരിക്കുകയാണ് പൊലീസ് മേധാവിയും സംഘവും. പ്രളയ ബാധിതരെ സഹായിക്കാൻ കേരളം മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായാണ് ഇവർ സൈക്കിൾ സവാരി നടത്തുന്നത്.
കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് 50 കിലോമീറ്റർ ദൂരം സൈക്കിൾ സവാരിയുമായി രംഗത്തെത്തിയത്. കാസർഗോഡ് ജില്ലാ പെഡലേഴ്സിലെ അംഗങ്ങളായ 15 പേർ ഉൾപ്പെടെയുള്ള സംഘമാണ് ഈ പരിപാടിയുമായി രംഗത്തെത്തിയത്. കേരളം മുഴുവൻ മഹാപ്രളയത്തിൽ അകപ്പെട്ടിരുന്ന സമയത്ത് പ്രളയം അധികം ബാധിക്കാതിരുന്ന പ്രദേശമായിരുന്നു കാസർഗോഡ്. എന്നാൽ പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി കേരളത്തോടൊപ്പം നിന്നവരായിരുന്നു കാസർഗോഡ് നിവാസികൾ.
പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകർന്നും ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ സംഘത്തിന് വൻ സ്വീകാര്യതയാണ് കേരളക്കരയിൽ നിന്നും ലഭിച്ചത്. കാസർഗോഡ് ചെറുവത്തൂർ ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച യാത്ര ഫ്ലാഗ് ഓഫ് ചെയ്തത് എം എൽ എ, എം രാജഗോപാൽ ആയിരുന്നു.