വീണ്ടും നായികാ നായകന്മാരായി താരദമ്പതികൾ; ആകാംഷയോടെ ആരാധകർ

August 31, 2018

ലോകത്തെമ്പാടുമുള്ള സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ആരാധകരുടെ ഈ ഇഷ്ടജോഡികൾ ഇപ്പോൾ വെള്ളിത്തിരയിലും ഒന്നിക്കുകയാണ്. ‘ഗുലാബ് ജാമുൻ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. നേരത്തെ ഇരുവരും ഒന്നിച്ചഭിനയിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും  ഇപ്പോഴാണ് ഇതിനെക്കുറിച്ച് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഐശ്വര്യ റായ് തന്നെയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നുവെന്ന് വാർത്തകൾ ദേശീയ മാധ്യമത്തിന് നൽകിയത്.  2010 ൽ മണിരത്നം സംവിധാനം ചെയ്ത ‘രാവൺ’ ആണ് ഇരുവരും ബിഗ് സ്‌ക്രീനിൽ ഒന്നിച്ച അവസാന ചിത്രം. ഇടവേളയ്ക്ക് ശേഷം താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നത് അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണ്.

‘ഗുലാബ് ജാമുൻ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും നായികാ നായകന്മാരായി എത്തുന്നത്. സര്‍വേഷ് മേവരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം അതുൽ മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ഫന്നെ ഖാൻ എന്ന ചിത്രമാണ് അവസാനമായി ഐശ്വര്യയുടേതായി പുറത്തിറങ്ങിയത്. ഫന്നെ ഖാനിൽ ഐശ്വര്യക്കൊപ്പം അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ കാലങ്ങൾക്ക് ശേഷം ഐശ്വര്യയും അനില്‍ കപൂറും ഒന്നിക്കുന്ന ചിത്രമാണ്  ഫന്നെ ഖാൻ.

‘മന്‍മര്‍സിയാന്‍’ എന്ന ചിത്രത്തിലാണ് അഭിഷേക് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തപ്സി പാനുവും വിക്കി കൗശലുമാണ് ചിത്രത്തിലെ  മറ്റു പ്രധാന കഥാപാത്രങ്ങള്‍. താര ദമ്പതികളായ ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തെയാണ് ആരാധകർ സ്വീകരിച്ചത്. താര ജോഡികളെ ഒരുമിച്ച് വെള്ളിത്തിരയിൽ കാണാൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.