സൽമാൻ ഖാനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് കമലഹാസൻ…

August 7, 2018

സൽമാൻ ഖാനോട് മലയാളം പറഞ്ഞ് ഉലക നായകൻ കമല ഹാസൻ.  ‘വിശ്വരൂപം 2’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് താരം മലയാളം പറഞ്ഞ് വേദിയെയും സൽമാൻ ഖാനെയും ഞെട്ടിച്ചത്. വിശ്വരൂപത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ സൽമാൻ ഖാൻ കമലാഹാസനോട് ഹിന്ദിയിൽ ഓരു ഡയലോഗ് പറഞ്ഞു. ഈ ഡയലോഗ് മറ്റു ഭാഷകളിൽ തനിക്ക് പറഞ്ഞു തരാമോ എന്ന് ചോദിച്ച താരത്തോട് മലയാളത്തിൽ പറയാമെന്നാണ് താരം പറഞ്ഞത്. കമലാഹാസാന്റെ  മലയാളം കേട്ട ഉടനെ സൽമാൻ ഖാൻ അത്ഭുതപ്പെട്ടു. തുടർന്ന് വേദിയിലാകെ ചിരിപടരുകയായിരുന്നു..

2013 ൽ റിലീസ് ചെയ്ത വിശ്വരൂപം  എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘വിശ്വരൂപം 2’. ചിത്രം ആക്ഷൻ ത്രില്ലർ മൂവിയാണ്.  തിരക്കഥയും സംവിധാനവും കമലഹാസൻ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ഹോട്ട് പെർസ്യൂട്ടണിഞ്ഞ് കയ്യിൽ തോക്കുമായി നിൽക്കുന്ന കമലാഹാസനാണ് ചിത്രത്തിന്റെ പോസ്ററിൽ ഉള്ളത്.

ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ പ്രസൂൻ  ജോഷി,  സന്ദീപ് ശ്രീവാസ്തവ എന്നിവരുടെ വരികൾക്ക് മുഹമ്മദ് ഗിബ്രാനാണ് ഈണം നൽകിയിരിക്കുന്നത്. മലയാളികളായ സനു വർഗീസും ശാംദത്തുമാണ് വിശ്വരൂപം 2 ന്റെ  ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്. ആസ്കര്‍ പ്രൊഡക്ഷൻസും കമൽഹാസനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് .

മൂന്ന് വിത്യസ്ത ഭാഷകളിലായാണ് ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറും പുറത്തിറങ്ങിയത്. തമിഴ് ട്രെയ്‌ലർ റിലീസ് ചെയ്തത്  കമലഹാസന്റെ മകൾ ശ്രുതി ഹാസനും തെലുങ്ക് ഡബ്ഡ് വേർഷൻ എൻ ടി ആറും ഹിന്ദി രോഹിത് ഷെട്ടിയുമാണ്. ചിത്രം ആഗസ്റ്റ് 10- ഓടു കൂടി തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.