‘ടിക്കറ്റില്ല പകരം ബക്കറ്റ്’; ദുരിത ബാധിതർക്ക് സഹായവുമായി ഇവരും..

August 30, 2018

കേരളം നേരിട്ട മഹാദുരന്തത്തിൽ നിന്നും കേരള ജനതയെ പഴയ ജീവിതത്തിലേക്ക് പടുത്തുയർത്താൻ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടി വരും…ലോകം മുഴുവനും കേരളത്തിന് സഹായ ഹസ്തം നീട്ടുമ്പോഴും തങ്ങളാൽ കഴിയുന്ന സഹായത്തെ ദുരിതബാധിതർക്കായി നൽകുകയാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയ നിരവധി ആളുകളെ സ്മരണയോടെ കേരളം ഓർക്കുന്നു..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയിരിക്കുകയാണ് കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാർ. ജില്ലയിലെ മുഴുവൻ ബസുകളും അവരുടെ ഇന്നത്തെ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കാസർഗോഡ് ജില്ലയിൽ മാത്രമായി ഏകദേശം 450 ബസുകളാണ് ഇന്ന് സർവീസ് നടത്തുന്നത്. കാസർഗോഡ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ സങ്കടിപ്പിച്ച ഈ പരുപാടി ജില്ലാ കളക്ടർ ഡി സജിത് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. കാരുണ്യ യാത്രയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബസിൽ യാത്ര ചെയ്ത അദ്ദേഹം സംഭാവനയും നൽകി.

ഇന്ന് കാസർഗോഡ് സർവീസ് നടത്തുന്ന എല്ലാ ബസുകളിലും ടിക്കറ്റിന് പകരം ബക്കറ്റാണ് കണ്ടക്ടറുമാർ കാണിക്കുന്നത്. ഇതിന് ജനങ്ങളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കേരളം മുഴുവൻ പ്രളയക്കയത്തിൽ അകപ്പെട്ടപ്പോൾ പ്രളയം അധികം ബാധിക്കാതിരുന്ന ജില്ലയായിരുന്നു കാസർഗോഡ്. എന്നാൽ തങ്ങളാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യാൻ കേരളത്തിലെ ദുരിതബാധിതർക്കൊപ്പം ചേർന്ന് നിന്നവരാണ് കാസർഗോഡ് ജനത.