‘വിളിക്കാതെ തന്നെ വിളിപ്പുറത്തുണ്ട് ഇവർ’; ദുരിതക്കയത്തിൽ അകപ്പെട്ടവർക്ക് സംരക്ഷണമൊരുക്കി സുരക്ഷാ ഉദ്യോഗസ്ഥർ

August 11, 2018

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള ജനത ഭീതിയുടെയും കണ്ണീരിന്റെയും മുൾമുനയിലായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതി ക്ഷോഭവും രൂക്ഷമായതോടെ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ  ഇടമലയാര്‍, ചെറുതോണി, ഭൂത്തതാൻ കെട്ടു  തുടങ്ങിയ അണക്കെട്ടുകളുടെയൊക്കെ ഷട്ടറുകള്‍ തുറന്നിരുന്നു. ദുരിതക്കയത്തിൽ അകപ്പെട്ട  കേരള ജനതയ്ക്ക് സഹായ ഹസ്തവുമായി കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും പ്രമുഖരും ഉൾപ്പെടെ നിരവധി ആളുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. മഴ കലിതുള്ളി ഇറങ്ങിയതോടെ പ്രകൃതിയും രോഷാകുലമായി. നിരവധി വീടുകളും സാധനങ്ങളും മഴ എടുത്തതുകൊണ്ടു പോയപ്പോൾ നോക്കി നിൽക്കാൻ മാത്രമേ നമുക്ക് സാധിച്ചുള്ളൂ…

കേരളത്തെ ഭയത്തിന്റെ  നിറുകയിൽ നിർത്തിയ ഈ ദിവസങ്ങളിൽ ആരോടും ചോദിക്കാതെ പ്രകൃതി പലതും സ്വന്തമാക്കിയപ്പോൾ യാതൊരു അവകാശ വാദവും ഉന്നയിക്കാതെ മനുഷ്യൻ അതിന് സാക്ഷ്യം വഹിച്ചു. എന്നാൽ ഈ ദുരിതക്കയത്തിൽ സ്വന്തം ജീവൻ പണയം വെച്ചും മനുഷ്യ ജീവനോടും സഹ ജീവികളോടും നൂറു ശതമാനവും നീതി പുലർത്തിയ കുറെ മനുഷ്യ ജന്മങ്ങൾ നമുക്ക് ചുറ്റിനും ഉണ്ടായിരുന്നു…ഒരു ക്യാമറ കണ്ണുകളും ലഷ്യം വയ്ക്കാതെ സാഹസികമായി പലരുടെയും ജീവൻ രക്ഷിച്ച നമ്മുടെ പൊലീസുകാരും, നാവികസേനയും, കരസേനാ ഉദ്യോഗസ്ഥരും…..

ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിലും വെള്ളത്തിലും അകപ്പെട്ടിരിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി  പൊലീസ് സേന, കരസേന, നാവിക സേന തുടങ്ങി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരാണ് ജീവൻ പണയം വെച്ചും എത്തിയിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്നവർക്കും, ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുള്ളവർക്കുമായി ഏതു സമയവും വിളിച്ചാൽ വിളിപ്പുറത്താണ് കയ്യും മെയ്യും മറന്ന് ഈ ഉദ്യോഗസ്ഥർ..