ലാലേട്ടനൊപ്പം മഞ്ജുവാര്യറും ടൊവിനോയും; ഇഷ്ടതാരങ്ങളെ കാണാൻ ആരാധകർ

മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പത്മനാഭന്റെ നാട്ടിൽ നടക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു നോക്കു കാണാൻ ആരാധകരുടെ പ്രവാഹമാണ്. ഇന്നലെ കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് നടന്ന ഷൂട്ടിങ്ങിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യരും ടൊവിനോ തോമസും എത്തിയിരുന്നു. അവിടേക്കാണ് ആരാധകർ ഒഴുകിയെത്തിയത്.
മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ വരവേറ്റത്.. ആദ്യ സംവിധാന സംരംഭത്തിൽ നായകനായി മോഹൻലാൽ എത്തുന്നുവെന്ന വിവരം കൂടി പുറത്തു വന്നതോടെ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിക്കുകയിരുന്നു. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫർ’ എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതൽ ആരാധകർ കാത്തിരിപ്പിലായിരുന്നു.. ഇപ്പോൾ തങ്ങളുടെ നാട്ടിൽ വച്ച് നടക്കുന്ന ചിത്രീകരണത്തിൽ പ്രിയതാരങ്ങളെ ഒരു നോക്ക് കാണാൻ എത്തിയിരിക്കുകയാണ് താരങ്ങൾ.
ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ടാണ് മോഹൻലാലും പൃഥ്വിരാജും ഇപ്പോൾ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫർ’ നിർമ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹൻലാലും പൃഥ്വിരാജും ചേർന്നതോടെ വെള്ളിത്തിരയിൽ എന്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ശ്രീകുമാർ മേനോൻ ചിത്രം ‘ഒടിയന്റെ’ ഷൂട്ടിങിനിടെയാണ് പൃഥ്വിരാജും മുരളി ഗോപിയും ‘ലൂസിഫറി’ന്റെ തിരക്കഥയുമായി മോഹൻലാലിനെ കണ്ടത്. തിരക്കഥ കേട്ട മോഹൻലാൽ ചിത്രവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ‘ലൂസിഫർ’ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്നും തിരക്കഥയിലും മേക്കിങ്ങിലും പുതുമ പുലർത്തുന്ന ലൂസിഫർ എല്ലാ അർത്ഥത്തിലും നല്ല ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്നും മോഹൻലാൽ നേരത്തെ ആരാധകരോട് പറഞ്ഞിരുന്നു. പൃഥ്വിരാജ് എന്ന നടൻ സംവിധായക വേഷമണിഞ്ഞുകൊണ്ട് മലയാളികൾക്ക് നൽകുന്ന ഒരു സമ്മാനമായിരിക്കും ലൂസിഫർ എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂറ് ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.