‘പോക്കിരിരാജ’ ഇനി ‘മധുരരാജ’; ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ അറിയാം…

August 10, 2018

2010 ൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയുടെ രണ്ടാം ഭാഗം  ‘മധുരരാജ’ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് അണിയറ പ്രവർത്തകർ.  എറണാകുളത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.  കഴിഞ്ഞ വര്‍ഷമാണ് പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം ഇത്തവണ ചിത്രത്തിൽ മമ്മൂട്ടിക്ക് രണ്ട് നായികമാരുണ്ടായിരിക്കുമെന്നും, എന്നാൽ  ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായിരിക്കില്ലായെന്നും  ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് മുമ്പ് അറിയിച്ചിരുന്നു. രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ മാത്രമാണ് ‘രാജാ 2’ല്‍ കാണാന്‍ സാധിക്കുക. മമ്മൂട്ടിയെ കൂടാതെ ഒരു യുവനടനും ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

പോക്കിരിരാജയ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടിൽ പുതിയ സിനിമ വരുന്നത്.  പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’.  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്. കേരളത്തിലെയും തമിഴ്‌നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 3 ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടക്കുക. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു  ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.