താരങ്ങളെ ട്രോളിയും പൊട്ടിച്ചിരിപ്പിച്ചും ‘തമിഴ്പടം 2’; രസകരമായ മേക്കിങ് വീഡിയോ കാണാം…

August 1, 2018

സി എസ് അമുദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തമിഴ്പട’ത്തിന്റെ രണ്ടാം ഭാഗം ‘തമിഴ്പടം 2’വിന്റെ  മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് രസകരമായ  വീഡിയോ പുറത്തുവിട്ടത്. തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നാണ്  ‘തമിഴ്പടം’.  തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളെയും അവരുടെ സിനിമകളെയും പരിഹസിക്കുന്നതാണ് ഈ ചിത്രം.

ശിവ  നായകനായി എത്തുന്ന ചിത്രത്തില്‍ ദിഷ പാണ്ഡെ, ഐശ്വര്യ മേനോന്‍, സതീഷ്, മനോബാല, കസ്തൂതി എന്നിവരും മുഖ്യകഥാപാത്രങ്ങായി വേഷമിടുന്നുണ്ട്. തമിഴ് റോക്കേഴ്‌സിനെ ട്രോളിയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ടീസറിന് മുന്നോടിയായി ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം 2.0 യെയും അണിയറപ്രവര്‍ത്തകര്‍ പരിഹസിച്ചിരുന്നു.

2.0 യുടെ ടീസര്‍ ഐപിഎല്‍ ഫൈനല്‍ മത്സരവേദിയില്‍ കാണിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതികകാരണങ്ങളാല്‍ അത് മാറ്റിവെയ്ക്കുകയാണെന്നും അവര്‍ പിന്നീട് അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനവും ഹിറ്റായിരുന്നു. എന്‍ നടനം എന്ന് തുടങ്ങുന്ന ഗാനത്തില്‍ നായകന്‍ ശിവയും സതീഷുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതു പോലയുള്ളതടക്കമുള്ള രസകരമായ നൃത്തസംവിധാനമാണ് ഗാനത്തിനുള്ളത്. പാട്ടുകേട്ട് കല്‍പ്രതിമകള്‍ കരയുന്നതും ദൃശ്യത്തിലുണ്ട്. എന്‍. കണ്ണന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിജയ് പ്രകാശ്, സംഗീതസംവിധായകന്‍ ശരത് എന്നിവര്‍ ചേര്‍ന്നാണ്.