യൂട്യൂബിൽ തരംഗമായി ‘മന്ദാര’ത്തിലെ ഗാനം; ആവേശത്തോടെ ആരാധകർ

August 31, 2018

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മന്ദാര’ത്തിന്റെ ‘കണ്ണേ… കണ്ണേ’ എന്ന വീഡിയോ ഗാനം  റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ  യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത ലുക്കിലെത്തുന്ന ആസിഫ് അലിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നേരത്തെ തരംഗമായിരുന്നു.

ആസിഫ് അലിയും  വർഷാ ബൊല്ലമ്മയുംപ്രധാന താരങ്ങളായി എത്തുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത്  മുജീബ് മജീദ് ആണ്. നടനും ലിറിസ്റ്റുമായ ശബരീഷിന്റെ വരികൾ ആലപിച്ചിരിക്കുന്നത് തമിഴ് സിനിമയിൽ നിരവധി ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയയായ നേഹ വേണുഗോപാലും ബ്ലാങ്ക് പ്ലാനറ്റ് ,മദർ ജെയിൻ എന്നി ബാന്റുകളിലെ ലീഡ് സിംഗറുമായ നിരഞജ് സുരേഷും ചേർന്നാണ്. നിരവധി പരസ്യങ്ങളിലും മറ്റും വർക്കുചെയ്തിട്ടുള്ള  മുജീബിന്റെ ആദ്യത്തെ മലയാള സിനിമയാണ് മന്ദാരം.

പ്രണയം നായകന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. നവാഗതരായ മാജിക് മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ് ടിനു തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രണ്ടു നായികമാരുള്ള ചിത്രത്തിൽ അനാർക്കലി മരയ്ക്കാർ, ജേക്കബ് ഗ്രിഗോറി, അർജുൻ അശോകൻ, ഭഗത് മാനുവൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗവും മണാലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘അനിയത്തി പ്രാവു’പോലെ പ്രേക്ഷകർ ഏറ്റുവാങ്ങുന്ന ഒരു പ്രണയ ചിത്രമായിരിക്കും  മന്ദാരമെന്നും ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു.