ആരും തിരിഞ്ഞ് നോക്കാതിരുന്ന പപ്പട അമ്മൂമ്മയ്ക്ക് കൈത്താങ്ങായി നിരവധിപ്പേർ..
തിരുവനന്തപുരം മാർക്കറ്റിലൂടെ പപ്പടം പപ്പടം എന്നുറക്കെ വിളിച്ച നടന്ന അമ്മൂമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പൊരി വെയിലത്തും മഴയത്തും മറ്റൊന്നും വക വയ്ക്കാതെ പപ്പടം വിറ്റു നടന്ന 87 കാരി വസുമതിയെന്ന അമ്മയെ ആരും മറന്നിട്ടുണ്ടാവില്ല. രാവിലെ പത്തര മുതൽ വൈകുന്നേരം ആറു മണിവരെ മാർക്കറ്റുകളിലൂടെ പപ്പടം വിറ്റു നടക്കുന്ന ഈ അമ്മൂമ്മ ഇത്തരത്തിൽ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് ആറു മക്കളുടെയും വിവാഹം നടത്തി. കൊച്ചുമക്കളെ പഠിപ്പിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ ക്ഷേത്രത്തിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന വസുമതിയമ്മ 40 വർഷങ്ങളായി ഈ മാർക്കറ്റിലൂടെ പപ്പട കച്ചവടവുമായി നടക്കുകയാണ്. 45 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച വസുമതിയമ്മ ഉപജീവന മാർഗത്തിനായി തിരഞ്ഞെടുത്ത മാർഗമായിരുന്നു പപ്പടം വിൽപ്പന. ആദ്യ കാലത്ത് പപ്പടം ഉണ്ടാക്കി വിറ്റുകൊണ്ടിരുന്ന ഇവർ പിന്നീട് അസുഖം ബാധിച്ചതിനെത്തുടർന്ന് പപ്പടം ഉണ്ടാക്കുക എന്ന ജോലി ഉപേക്ഷിച്ച് മറ്റ് യൂണിറ്റുകളിൽ നിന്നും പപ്പടം വാങ്ങി വിൽക്കുകയായിരുന്നു.
ഈ അമ്മൂമ്മയെ അന്വേഷിച്ച് നിരവധി ആളുകളാണ് സഹായ ഹസ്തവുമായി ഇപ്പോൾ എത്തുന്നത്.