ജയിലിൽ നിന്നും ദുരിതബാധിതർക്ക് ഒരു കൈസഹായം..

August 28, 2018

പ്രളയക്കയത്തിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ജാതി മത ഭാഷ വ്യത്യാസമില്ലാത്ത നിരവധി ആളുകൾ മുന്നോട്ട് വന്നത് ലോകം മുഴുവനുമുള്ള ആളുകൾക്ക് പ്രചോദനമായിരുന്നു… ഒരായുഷ്കാലം കൊണ്ട് സമ്പാദിച്ചുകൂട്ടിയതെല്ലാം  മഹാപ്രളയം എടുത്തുകൊണ്ട് പോയപ്പോഴും, കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതറിഞ്ഞപ്പോഴും കിട്ടിയ കച്ചിത്തുരുമ്പിൽ  തളരാതെ പിടിച്ചുനിന്നവരാണ് മലയാളികള്‍.. നഷ്ടപ്പെടലുകളുടെ വേദനയിലും എല്ലാം മറന്ന് മറ്റുള്ളവന് സഹായ ഹസ്തം നീട്ടാൻ കഴിയുന്നവനാണ്  മലയാളികൾ എന്ന് തെളിയിച്ചവരാണ് നമ്മൾ..

അതിജീവനത്തിന്റെ ഈ നാൾ വഴികളിൽ സഹായ ഹസ്തവുമായി ഒരു ലോകം മുഴുവൻ  നമുക്കൊപ്പം ചേർന്നതിനൊപ്പം പരസ്പരം സഹായിച്ചും സ്നേഹിച്ചും മലയാളികൾ ഒറ്റകെട്ടായി നിന്നു.. ലോകത്തിന്റെ വ്യത്യസ്ത കോണിൽ നിന്നും കേരളത്തിന് നിരവധി സഹായവുമായി ആളുകൾ എത്തിയതും, ചെറുതും വലുതുമായ സ്വരൂക്കൂട്ടലുകൾ ദുരിതമനുഭവിക്കുന്നവർക്ക് നൽകിയവരുടെ നിരവധി വാർത്തകളും നാം കേട്ടിരുന്നു… അത്തരത്തിൽ തങ്ങളുടെ സമ്പാദ്യം ദുരിതമനുഭവിച്ചവർക്ക് നൽകിയ ഒരു കൂട്ടം ആളുകളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ  മീഡിയയിൽ  നിറഞ്ഞുനിൽക്കുന്നത്.

സബ്ബ് ജയിലിലെ അന്തേവാസികളായ അഞ്ചുപേർ തങ്ങൾക്ക് ജയിലിൽ നിന്നും ജോലി ചെയ്തുകിട്ടിയ  വേതനത്തിൽനിന്ന്‌ ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ്. തങ്ങളുടെ ജയിൽ വാസത്തിനിടയിൽ നിന്നും സമ്പാദിച്ചുകൂട്ടിയതിൽ ഏഴായിരം രൂപയാണ് ഇവർ നൽകിയത്. പത്രങ്ങളിലെ ദുരന്ത വാർത്ത അറിഞ്ഞപ്പോൾ തന്നെ അന്തേവാസികൾ തുക നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിൽ ഒരാൾ തനിച്ച് അയ്യായിരം രൂപ നൽകിയിട്ടുണ്ട്. ജയിൽ സൂപ്രണ്ട് ടി.ഒ അബ്ദുള്ളയാണ് പണം ഏറ്റുവാങ്ങയത്.