ദുരിതാശ്വാസ ക്യാമ്പില്‍ ഒരു തകര്‍പ്പന്‍ ‘ഷൂട്ട്’; വൈറലായി വീഡിയോ

ആര്‍ത്തലച്ചു വരുന്ന ഒരു മഹാ പ്രളയത്തിനും തളര്‍ത്താനാവില്ല കേരളത്തെ. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്പിക്കാന് മലയാളികള്‍ക്ക് സാധിച്ചു എന്ന കാര്യത്തിലും സംശയം ബാക്കിയില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന അതിജീവനത്തിന്റെ നേര് സാക്ഷ്യങ്ങളും ചെറുതല്ല. ദുരിതാശ്വാസ ക്യാമ്പില്‍ എല്ലാം മറന്ന് നൃത്തച്ചുവടുകള്‍വയ്ക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യുന്നവരും നിരവധിയാണ്. വെള്ളത്തിന് നടുവിലിരുന്ന് പാടിയ ഡേവിഡ് ചേട്ടനും മനോഹരമായ ഡാന്സുകള്ക്കൊണ്ട് കേരളമനസുകള് കീഴടക്കിയ ആല്‍ബിച്ചേട്ടനും ആസിയത്താത്തയുമെല്ലാം പകരുന്നത് അതിജീവനത്തിന്റെ വലിയ സന്ദേശങ്ങള്‍ തന്നെയാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും തരംഗമായിരിക്കുകയാണ് ദുരിതാശ്വാസക്യാമ്പിലെ ഒരു തകര്‍പ്പന്‍ പ്രകടനം. ഇത്തവണ ഡാന്‍സും പാട്ടുമൊന്നുമല്ല നല്ല കിടിലന്‍ ബാസ്കറ്റ്ബോള്‍ കളി തന്നെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് വൈറലായ ബാസ്കറ്റ് ബോള്‍ പ്രകടനം. കൃഷ്ണമ്മയുടെ തകര്‍പ്പന്‍ ബാസ്കറ്റ്ബോള്‍ പ്രകടനമാണ് സാമൂഹ്യമാധ്യമങ്ങള്‍ നിമിഷങ്ങള്‍ക്കൊണ്ട് ഏറ്റെടുത്തത്. ഉന്നം തെറ്റാതെ തന്നെ കൃഷ്ണമ്മ ബോള്‍ ഷൂട്ട് ചെയ്ത് ബാസ്കറ്റിലെത്തിച്ചു.
ചുറ്റുംകൂടി നിന്നവര്‍ നിറഞ്ഞ കൈയടിയും പ്രോത്സാഹനവും കൃഷ്ണമ്മയുടെ പ്രകടനത്തിന് നല്കി. 1985 കാലഘട്ടത്തിലെ ബാസ്കറ്റ് ബോള്‍ കളിക്കാരിയാണ് കൃഷ്ണമ്മയെന്നും 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങിയതെന്നുമുള്ള കുറിപ്പോടുകൂടിയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.