വിവാഹം ക്ഷണിച്ച് മരിച്ചുപോയ അനിയന്‍; കണ്ണ് നിറയും ഈ സേവ് ദ ഡേറ്റ് വീഡിയോ കണ്ടാല്‍

August 31, 2018

പ്രിയപ്പെട്ടവരുടെ വേര്‍പാട് എന്നും നെഞ്ച് പൊള്ളിയ്ക്കുന്ന ഒരു ഓര്‍മ്മ തന്നെയാണ്. മരണപ്പെട്ടുപോയ സ്വന്തം അനിയന്‍ ചേട്ടന്റെ വിവാഹം ക്ഷണിക്കുന്ന ഒരു സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ മലയാളികളുടെ കണ്ണ് നിറയ്ക്കുന്നത്. ‘സ്‌റ്റോറി ബിഹൈന്‍ഡ് ദ വെഡ്ഡിങ്’ എന്നാണ് വീഡിയോയുടെ പേര്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധിപേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

മരണം പ്രിയപ്പെട്ടവരില്‍ നിന്നും കവര്‍ന്നെടുത്ത ലെസ്റ്ററിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സഹോദരന്‍ ലാഷ്‌ലിയുടെ വിവാഹം. സ്‌നേഹത്തോടെ ചാച്ചന്‍ എന്നായിരുന്നു ലെസ്റ്റര്‍ ചേട്ടനെ വിളിച്ചിരുന്നത്. ഹരിത എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു ലാഷ്‌ലി. ലെസ്റ്റര്‍ വഴിയാണ് ഇരുവരുടെയും പ്രണയം വീട്ടിലറിഞ്ഞത്. മതം ഒരു വെല്ലുവിളിയായി തീര്‍ന്നപ്പോള്‍ വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്തു. തുടര്‍ന്നാണ് ലെസ്റ്ററിന്റെ ഇടപെടല്‍. ഇരു വീട്ടുകാരെയും വിവാഹത്തിന് സമ്മതിപ്പിച്ചതും മധ്യസ്ഥം നിന്നതുമെല്ലാം ലെസ്റ്ററായിരുന്നു. ഈ വിവാഹത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും ലെസ്റ്റര്‍ തന്നെ. ദൈവം അവനായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഭൂമിയിലെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഒന്നരവര്‍ഷം മുമ്പ് ഒരു വാഹനാപകടത്തില്‍ ലെസ്റ്റര്‍ മരണപ്പെട്ടു.

വിവാഹ ക്ഷണക്കത്തുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ഇക്കാലത്ത് നിരവധിയാണ്. എന്നാല്‍ മരണപ്പെട്ടുപോയ സഹോദരന്‍ വിവാഹം ക്ഷണിക്കുന്നത് പ്രേമയമാക്കി ഒരു സേവ് ദ ഡേറ്റ് വീഡിയോ ഇത് ആദ്യം. എല്‍വി വെഡ്ഡിംഗ്‌സിന്റെ ഉടമ ലിയോ വിജയനാണ് കണ്ണ് നിറയ്ക്കുന്ന ഈ സേവ് ദ ഡേറ്റ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ലിയോ ആദ്യം മനസില്‍ കണ്ടത് മറ്റൊരു ആശയമായിരുന്നെങ്കിലും പിന്നീട് ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന ഒരു യഥാര്‍ത്ഥ കഥകൊണ്ട് ക്ഷണക്കത്ത് നിര്‍മ്മിക്കാന്‍ തയാറാകുകയായിരുന്നു.

കുടുംബത്തിലെ എല്ലാവര്‍ക്കും ഏറെ പ്രയങ്കരനായിരുന്നു ലെസ്റ്റര്‍. സ്റ്റോറി ബിഹൈന്‍ഡ് ദ വെഡ്ഡിംഗ് എന്ന സേവ് ദ ഡേറ്റ് വീഡിയോ കണ്ടുകഴിയുമ്പോള്‍ ലെസ്റ്റര്‍ അപരിചിതര്‍ക്ക് പോലും പ്രിയപ്പെട്ട കൊച്ചനുജനാകുന്നു. പ്രണയത്തിന്റെയും വേര്‍പാടിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ കഥ പറയാനുണ്ട് ഈ സേവ് ദ ഡേറ്റ് വീഡിയോയ്ക്ക്.