വരൻ ഡോക്ടറാണ്; വൈറലായി ഓപ്പറേഷൻ തിയേറ്ററിലെ സേവ് ദി ഡേറ്റ്, പിന്നാലെ ജോലി പോയി

February 10, 2024

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ ഇന്നത്തെ തലമുറയ്ക്ക് ഒരു പുതുമയുള്ള കാര്യമല്ല. ചെക്കനും പെണ്ണും പ്രണയാർദ്രമായ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും വിവാഹ തീയതി പറയും. വിവാഹം ഒരു ആഘോഷമാകുമ്പോൾ സന്തോഷിക്കാൻ വക നൽകുന്ന എല്ലാ സാധ്യതകളും ഇതിനായി പുതുതലമുറ പരീക്ഷിക്കുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇതിൽ പലതും പരിധിവിട്ട് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതും സാധാരണയാണ്. ( Pre Wedding Shoot Inside Govt Hospital’s Operation Theatre )

അത്തരത്തിൽ വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് പരീക്ഷിച്ച് പണി വാങ്ങിച്ച ഡോക്ടറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തവണ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിലായിരുന്നു ഫോട്ടോഷൂട്ട്. ചിത്രങ്ങൾ വൈറലായതോടെ ഡോക്ടർക്ക് ജോലി നഷ്ടമായി. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം.

ഓപ്പറേഷൻ തീയേറ്ററിൽ സെറ്റ് ഒരുക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രദുർഗയിലെ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്ന രീതിയിലാണ് വീഡിയോ. ഒരുക്കങ്ങളുടെ ഭാ​ഗമായി രോഗിയായി ഒരു സുഹൃത്തിനെയും തയ്യാറാക്കി. ചിത്രീകരിക്കുന്നതിനിടെ എല്ലാവരും ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ജില്ല ഭരണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.

Read Also : പ്രണയിതാക്കൾക്ക് ഇന്ന് ചോക്ലേറ്റ് ദിനം- ചോക്ലേറ്റ് പ്രേമികളുടെ മനംമയക്കുന്ന ലോകത്തിലെ ചില മധുരമേറിയ ഇടങ്ങൾ

ഒരു മാസം മുൻപാണ് യുവാവ് നാഷണൽ ഹെൽത്ത് മിഷൻ മുഖേന ചിത്രദുർ​ഗയിലെ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറായി ജോലിക്ക് കയറിയത്. അറ്റുകുറ്റപ്പണി നടക്കുന്നതിനാൽ ഓപ്പറേഷൻ തിയേറ്റർ നിലവിൽ ഉപയോഗിക്കുന്നില്ല. അവിടെ വച്ചായിരുന്നു ഇത്തരത്തിൽ ഒരു വീഡിയോ ചിത്രീകരിച്ചത്.

Story highlights : Pre Wedding Shoot Inside Govt Hospital’s Operation Theatre