ഇളയദളപതിയുടെ സഹായം കേരളത്തിന് വീണ്ടും; ഇത്തവണ 10000 കിലോ അരിയും 15 ലോറി സാധനങ്ങളും

August 24, 2018

ജാതിമത വര്‍ഗ രാഷ്ട്രീയ ഭേദമന്യേ പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള ശ്രമത്തിലാണ് എല്ലാവരും. വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ കേരളത്തിനുനേര്‍ക്ക് നീട്ടുന്ന സഹായഹസ്തങ്ങളും വലുതാണ്. ഇന്ത്യന്‍ സിനിമാ ലോകവും ഒറ്റക്കെട്ടായി കേരളത്തിന് സാഹയമായി കൂടെ നിന്നിരുന്നു.

പ്രളയം തകര്‍ത്തെറിഞ്ഞ ദുരിതബാധിതര്‍ക്ക് ഇളയദളപതി വിജയ് എഴുപത് ലക്ഷം രൂപ നേരത്തെ സംഭാവന നല്‍കിയിരുന്നു. ഫാന്‍സ് ക്ലബുകള്‍ വഴി കേരളത്തിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടു മാത്രം തീര്‍ന്നില്ല വിജയ്ക്ക് കേരളക്കരയോടുള്ള സ്‌നേഹം. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഭക്ഷ്യസാധനങ്ങളും അയച്ചിരിക്കുകയാണ് ഇളയദളപതി. വിജയ് ഫാന്‍സ് അസോസിയേഷന്റെ ട്വിറ്റര്‍ പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ 14 ജില്ലകളിലേക്കായി 15 ലോറികളിലായാണ് സാധനങ്ങള്‍ അയച്ചിരിക്കുന്നത്.

വിജയ് കൊടുത്തയച്ച സാധനങ്ങളുടെ കൂട്ടത്തില്‍ 1000 കിലോഗ്രാം അരിയും ഉള്‍പ്പെട്ടിട്ടുണ്ട്. കോട്ടയം പത്തനംതിട്ട ജില്ലകളിലേക്കുള്ള ലോറികള്‍ ഇതിനോടകം തന്നെ എത്തിയതായും ഫാന്‍സ് പേജില്‍ കുറിച്ചിട്ടുണ്ട്.

വിജയ്ക്ക് പുറമെ സൂര്യ, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, കമല്‍ഹാസന്‍, വിജയ്കാന്ത്, ഋഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, നയന്‍താര, രോഹണി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

പ്രളയം ഉലച്ച കേരളത്തിന് ബോളിവുഡ് താരങ്ങള്‍ നല്‍കുന്ന കൈത്താങ്ങും ചെറുതൊന്നുമല്ല. നിരവധി താരങ്ങളാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്. മലയാളി ആരാധകര്‍ ഏറെയുള്ള അമിതാഭ് ബച്ചനും ആലിയ ഭട്ടും ദുരിതത്തിലായവര്‍ക്ക് അവശ്യവസ്തുക്കള്‍ അയച്ചു. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഈ താരങ്ങള്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നത്‌.