ടെസ്റ്റ് റാങ്കിംഗില്‍ ചരിത്ര നേട്ടവുമായി ഇന്ത്യൻ നായകൻ…
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ നായകൻ വീരാട് കൊഹ്ലിയെത്തേടി കരിയറിലെ ഏറ്റവും തിളക്കമുള്ള നേട്ടമെത്തി. ഐ സി സി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കൊഹ്ലി സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കൊഹ്ലി ഈ നേട്ടം കരസ്ഥമാക്കിയത്. ഏകദിന റാങ്കിങ്ങിലും കൊഹ്ലി തന്നെയാണ് ഒന്നാമൻ. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇതിന് മുമ്പ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമനായി എത്തിയ ഇന്ത്യക്കാരൻ.
934 പോയിന്റുമായാണ് കൊഹ്ലി ഒന്നാമതെത്തിയിരിക്കുന്നത്. സ്റ്റീവ് സ്മിത്തിന് 929 പോയിന്റാണുളളത്. ഇംഗ്ലണ്ട് നായകന് ജോറൂട്ടാണ് മൂന്നാം സ്ഥാനത്തെത്തിയ താരം. അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലിഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ഒന്നാമന്. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും അശ്വിന് അഞ്ചാം സ്ഥാനത്തുമുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 31 റൺസിന് തോറ്റെങ്കിലും കോഹ്ലി തൻെറ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണ് കളിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സാണ് താരം കരസ്ഥമാക്കിയത്, ഇതോടെ കരിയറിലെ 17–ാം അർധസെഞ്ചുറിയും കൊഹ്ലി കുറിച്ചു. ഈ പ്രകടനമാണ് താരത്തെ റാങ്കിംഗില്‍ മുന്നിലെത്തിച്ചത്.