പ്രളയ കേരളത്തിന് വേണ്ടി വീൽ ചെയറിലിരുന്ന് നോട്ടുകൾ തയ്യാറാക്കുകയാണ് ഈ പെൺകുട്ടികൾ
കേരളം നേരിട്ട മഹാ ദുരന്തത്തെ ഒറ്റകെട്ടായി അതിജീവിച്ചുകൊണ്ടിരിക്കുകയാണ് മലയാളികൾ. കേരള ജനതയ്ക്ക് സഹായ ഹസ്തം നീട്ടി ലോകം മുഴുവനുമുള്ള ആളുകൾ എത്തുന്നതിനൊപ്പം, വീൽ ചെയറിലിരുന്നുകൊണ്ട് ദുരന്ത കേരളത്തിന് വേണ്ടി നോട്ടുകൾ തയാറാക്കുകയാണ് രണ്ട് മിടുക്കി പെൺകുട്ടികൾ. പ്രളയത്തെ തുടർന്ന് നിരവധി ആളുകൾക്ക് അവരുടെ വീടുകളും സാധനങ്ങളും നഷ്ടമായിരുന്നു. ഇതിൽ നിരവധി കുട്ടികൾക്കാണ് അവരുടെ പാഠപുസ്തകങ്ങൾ നഷ്ടമായത്.
മഴക്കെടുതിയിൽ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നഷ്ടമായ കുട്ടികൾക്ക് വേണ്ടി കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തില് കേരളത്തിലെമ്പാടും നൂറുകണക്കിന് മനുഷ്യ സ്നേഹികളാണ് നോട്ട്സ് തയ്യാറാക്കികൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലാണ് ബ്രിട്ടിൽ ബോൺ ഡിസീസ് എന്ന എല്ലുകൾ പൊടിയുന്ന അസുഖത്തെ തുടർന്ന് വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്ന സാന്ദ്രയും ഫാത്തിമയും തങ്ങളുടെ പ്രിയപ്പെട്ട അനുജന്മാർക്കും അനുജത്തിമാർക്കും വേണ്ടി നോട്ടുകൾ തയ്യാറാക്കുന്നത്.
ആലപ്പുഴയിൽ ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയാണ് സാന്ദ്ര. കോഴിക്കോട് സ്വദേശിയായ ഫാത്തിമയും കോട്ടയത്ത് ഹോമിയോ വിദ്യാർത്ഥിനിയാണ്. ഇരുവരുടെയും ഈ നല്ല മനസ്സിന് ആശംസകളുമായി നിരവധി ആളുകളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തുന്നത്. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് നിരവധി ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. എന്നാൽ ഓണാവധി കഴിഞ്ഞ് സ്കൂളുകളിൽ പോയിത്തുടങ്ങിയ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. അതേസമയം നോട്ടുബുക്കുകൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് തുണയാകുകയാണ് കൊട്ടാരക്കര വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി.