‘ഉടനെ ജോലി ഇല്ലാതാവുന്ന താരത്തിന് ആശംസകള്‍’: ജയസൂര്യയ്ക്ക് വേറിട്ടൊരു പിറന്നാള്‍ ആശംസ

മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ പിറന്നാളിന് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ നല്‍കിയത് വേറിട്ടൊരു ആശംസ. താരത്തിന്റെ പിറന്നാളിന് സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് ഇങ്ങനെ: ‘ ഈ നടന് ഭാവിയില്‍ സിനിമയൊന്നും ചെയ്യാനാവാതെ വലയുമെന്നാണ് തോന്നുന്നത്. കാരണം കഥയില്‍ പൂര്‍ണ്ണമായും വിശ്വാസം വരാത്ത സിനിമകളൊന്നും ഇദ്ദേഹം ഏറ്റെടുക്കാറില്ല. ഉടനെ ജോലി നഷ്ടപ്പെടാന്‍ പോകുന്ന താരത്തിന് പിറന്നാള്‍ ആശംസകള്‍’
ജയസൂര്യയുടെ വളരെ അടുത്ത സുഹൃത്താണ് രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്. മികച്ച കഥാപ്രമേയമുള്ള സിനിമകളാണ് ജയസൂര്യ എന്ന നടന് ചെയ്യാറുള്ളത് എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ് രഞ്ജിത്ത് ശങ്കര്‍ തന്റെ പോസ്റ്റിലൂടെ. വളരെ പക്വതയോടെ മാത്രമാണ് ജയസൂര്യ സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളത്. ഇക്കാര്യവും സംവിധായകന്റെ പോസ്റ്റില്‍ വ്യക്തമാണ്. ‘ഞാന്‍ മേരിക്കുട്ടി’യാണ് രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന അവസാനത്തെ ചിത്രം. തീയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടി.
2013 ല്‍ പുറത്തിറങ്ങിയ ‘പുണ്യാളന് അഗര്‍ബത്തീസി’ലൂടെയാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്നത്. ‘സു സു സുധി വാത്മീകം’, ‘പ്രേതം’ തുടങ്ങിയ സിനിമകളും ഇതേ കൂട്ടുകെട്ടില്‍ പിറന്നവയാണ്. ഇരുവരും ചേര്‍ന്ന് പുണ്യാളന് സിനിമാസ് എന്ന പേരില്‍ ഒരു സിനിമ വിതരണ കമ്പനിയും ആരംഭിച്ചിരുന്നു. ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടനാണ് ജയസൂര്യ. താരത്തിന്റെ പിറന്നാള്‍ ദിനത്തിലും നിരവധി പേര് ആശംസകളുമായെത്തി.