‘ദേശസ്നേഹം’ കണ്ണ് നിറഞ്ഞ് ഐശ്വര്യ; വീഡിയോ കാണാം

September 8, 2018

ഇന്ത്യയുടെ സംസ്കാരവും സ്നേഹവും വിളിച്ചോതുന്ന ദേശീയ ഗാനം കേട്ട് കണ്ണ് നിറഞ്ഞ ലോക സുന്ദരി ഐശ്വര്യ റായിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. മുംബൈയിലെ ഒരു പരുപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വികാര നിർഭരമായ ഈ സംഭവം. സ്ത്രീകളുടെ സാമ്പത്തീക ശാക്തീകരണം ലക്ഷ്യമാക്കി നടത്തുന്ന പരിപാടിക്കിടെ ദേശീയ ഗാനം കേട്ടപ്പോഴാണ് താരത്തിന്റെ കണ്ണുകൾ നിറഞ്ഞത്.

മുംബൈയിലെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ താരം ദേശീയ ഗാനത്തിന് ശേഷം ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്ന് ആംഗ്യഭാഷയിൽ പറയുന്നതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സ്ത്രീകൾ സാമ്പത്തീക പുരോഗതി നേടുകയെന്നത് രാജ്യത്തിന്റെതന്നെ ലക്ഷ്യമായി മാറേണ്ടതുണ്ട്. ഈ പരിപാടിയെ പിന്തുണയ്ക്കുന്നതോടെ ഞാൻ രാജ്യത്തിലെ സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയെക്കൂടിയാണ് പിന്തുണയ്ക്കുന്നത്. പുതിയ കാലത്തിന്റെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന പരിപാടിയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ കൂട്ടായ്മ കരുത്ത് പ്രാപിക്കുന്ന കാഴ്ച സന്തോഷവും അഭിമാനവും നൽകുന്നതാണെന്നും താരം ചടങ്ങിൽ അഭിപ്രായപ്പെട്ടു.

അതേസമയം ‘ഗുലാബ് ജാമുൻ’ എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഐശ്വര്യയും ഭർത്താവ് അഭിഷേകും വീണ്ടും നായികാ നായകന്മാരായി എത്തുന്ന ചിത്രമാണ് ഗുലാബ് ജാമുൻ. സര്‍വേഷ് മേവരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം അതുൽ മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ഫന്നെ ഖാൻ എന്ന ചിത്രമാണ് അവസാനമായി ഐശ്വര്യയുടേതായി പുറത്തിറങ്ങിയത്. ഫന്നെ ഖാനിൽ ഐശ്വര്യക്കൊപ്പം അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ കാലങ്ങൾക്ക് ശേഷം ഐശ്വര്യയും അനില്‍ കപൂറും ഒന്നിക്കുന്ന ചിത്രമാണ്  ഫന്നെ ഖാൻ.