പഠിച്ചും പഠിപ്പിച്ചും തല അജിത്; പൂർത്തിയാക്കിയത് കിലോമീറ്ററുകൾ താണ്ടാൻ ശേഷിയുള്ള ഡ്രോണുകൾ

September 11, 2018

തമിഴ് സിനിമാ ലോകം എന്നും വ്യത്യസ്ഥമാണ്. രാഷ്‌ടീയത്തിലേക്കും മറ്റുമായി നിരവധി സിനിമാ താരങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ വ്യത്യസ്തമായ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമയുടെ തല അജിത്. സെപ്റ്റംബറിൽ ആസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ നടക്കുന്ന മെഡിക്കൽ എക്സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചിൽ പങ്കെടുക്കൻ തയാറാകുന്ന എംഐടി കുട്ടികൾക്ക് ഒരു യുഎവി നിർമ്മിക്കാൻ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന തിരക്കിലായിരുന്നു തല.

എയ്‌റോ മോഡലിങ്ങിൽ താല്പര്യമുള്ള തലയെ എംഐടിയുടെ ദക്ഷാ ടീമിലേക്ക് കുട്ടികൾക്ക് നിർദ്ദേശം നൽകുന്നതിന് അധികൃതർ തിരഞ്ഞെടുക്കുകയായിരുന്നു.   ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റ്, യുഎവി സിസ്റ്റം അഡ്‌വൈസർ തുടങ്ങിയ പദവികളാണ് താരത്തിന് ഉദ്യോഗസ്ഥർ നൽകിയത്. ഓരോ തവണ വരുന്നതിനും 1000 രൂപ ശമ്പളം നൽകുന്നതിനും അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ പണം എംഐടിയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് നൽകി വീണ്ടും മാതൃകയാകുകയാണ് തമിഴ് സിനിമയുടെ തല അജിത്.

അതേസമയം ദക്ഷ ടീമും അജിത്തും ചേർന്ന് നിർമ്മിക്കുന്ന യുഎവി ലോഞ്ചിങിന് തയാറായി എന്നാണ് എംഐടിയിൽ നിന്നും ലഭിക്കുന്ന വിവരം. ഒരു ഡ്രോൺ ഏകദേശം 30 കിലോമീറ്ററോളം പറന്ന് ഉൾപ്രദേശങ്ങളിലോ മറ്റെന്തെങ്കിലും സാഹചര്യത്തിലോ കുടുങ്ങിക്കിടക്കുന്ന രോഗിയുടെ ബ്ലഡ്ഡ് സാമ്പിൾ കളക്ട് ചെയ്തുകൊണ്ടുവരണം ഇതാണ് ചലഞ്ചിൽ മത്സരിക്കുന്ന ടീമുകൾക്ക് നൽകുന്ന ടാസ്ക്ക്. ഇത്തരത്തിലുള്ള ഡ്രോണുകളാണ് അജിത്തിന്റെ നേതൃത്വത്തിലുള്ള ടീം നിർമ്മിച്ചിരിക്കുന്നത്.