അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാന്‍ ഒരുങ്ങി അലിസ്റ്റര്‍ കുക്ക്
അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയാന്‍ ഒരുങ്ങുകയാണ് ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്. ഇംഗ്ലീഷ് കായികരംഗത്തെ ഇതിഹാസങ്ങളിലൊന്നാണ് ഈ ക്രിക്കറ്റ് താരം. 160 ടെസ്റ്റില്‍ 12,254 റണ്‍സാണ് കുക്ക് നേടിയത്. ഒവലില്‍ ഇന്ത്യയ്ക്കെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റാകും അലിസ്റ്റര്‍ കുക്കിന്റെ അവസാന മത്സരം. ടെസ്റ്റ് ചരിത്രത്തിലെ റണ്‍ വേട്ടയില്‍ ആറാം സ്ഥാനമാണ് ഈ മുപ്പത്തിമൂന്നുകാരനുള്ളത്.
മികച്ച ഇടംകൈന്‍ ബാറ്റ്സ്മാന്മാരില് ഒരാളാണ് കുക്ക്. എന്നാല്‍ 8.62 മാത്രമായിരുന്നു ഈ വര്‍ഷത്തെ കുക്കിന്റെ ശരാശരി. സ്വപ്നം കണ്ടതിനെക്കാള്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ തനിക്ക് സാധിച്ചെന്നും ഇംഗ്ലീഷ് സംഘത്തില്‍ ഇത്രയും കാലം കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും വിരമിക്കാന്‍ ഇത് ഉചിതമായ സമയമാണെന്നും അലിസ്റ്റര്‍ കുക്ക് വ്യക്തമാക്കി.
ക്രിക്കറ്റ് ചരിത്രത്തിലെ ചില റെക്കോര്‍ഡുകളും കുക്കിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 6000, 7000, 8000, 9000, 10000, 11000, 12000 റണ്‍സ് ക്ലബുകളില്‍ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുക്കിന്റെ പേരിലാണുള്ളത്. 12 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതമായിരുന്നു കുക്കിന്റേത്. 32 സെഞ്ചുറികളും അഞ്ച് ഇരട്ട സെഞ്ചുറികളും തന്റെ കായിക ജീവിതത്തില്‍ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നാല് വര്‍ഷക്കാലം ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനായും കുക്ക് സേവനമനുഷ്ഠിച്ചു. 92 ഏകദിനങ്ങളില്‍ 3204 റണ്‍സും നാല് ടിട്വന്റിയില്‍ 61 റണ്‍സും അലിസ്റ്റര്‍ കുക്കിന്റെ അക്കൗണ്ടിലുണ്ട്.