പ്രേക്ഷകർ കാത്തിരിക്കുന്ന ‘വൈറസി’ൽ ഫഹദും; റിലീസ് തിയതി പ്രഖ്യാപിച്ചു

September 18, 2018

മാസങ്ങള്‍ക്ക് മുമ്പ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും വെള്ളിത്തിരിയിലെത്തുമ്പോൾ ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിലെത്തും. സിനിമയുടെ റിലീസ് തീയതിയും തീരുമാനിച്ചു. വിഷു റിലീസായി ഏപ്രിൽ 11നായിരിക്കും വൈറസ് പ്രേക്ഷകരിലേക്ക് എത്തുക. സംവിധായകന്‍ ആഷിഖ് അബുവാണ് നിപ്പ വൈറസ് ബാധയെക്കുറിച്ച് സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.  ‘വൈറസ്‌’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ വാൻ താരനിരകളാണ് അണിനിരക്കുന്നത്.

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്‌. ഒപിഎം ബാനറിലാണ് വൈറസിന്റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ആഷിക് അബു  2009-ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011-ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012-ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്.