ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ
ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം. സെമി ഫൈനലില്‍ പാകിസ്ഥാനെ 37 റണ്‍സിന് തോല്പിച്ചാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ബംഗ്ലാദേശിന്റെ ഈ പോരാട്ടവീര്യം ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി തന്നെയാണ്.
ഇത്തവണത്തെ ഏഷ്യാകപ്പിന്റെ എല്ലാ കളിയിലും വിജയിച്ചുതന്നെയാണ് ഇന്ത്യ മുന്നേറിയത്. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരം മാത്രമാണ് സമനിലയില്‍ കലാശിച്ചതും. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ ശിഖര്‍ ധവാന് കൂട്ടുകെട്ടില്‍ ഇന്ത്യയ്ക്ക് മികച്ച പ്രതീക്ഷയുമുണ്ട്. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനും ബംഗ്ലാദേശിനുമെതിരെ നടന്ന പ്രകടനത്തില്‍ മിന്നും പ്രകടനം തന്നെയാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. ജഡേജയുടെ ബൗളിംഗും ഇന്ത്യയ്ക്ക് കരുത്തേകി. സൂപ്പര്‍ഫോറിലെ പ്രകടനം ഫൈനലിലും കാഴ്ചവെയ്ക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം.
അതേസമയം പാകിസ്ഥാനെതിരെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ 48.5 ഓവറില്‍ 239 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. എന്നാല്‍ 50 ഓവറില്‍ 202 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടിയത്. പാക് ടീമില്‍ ആകെ മെച്ചപ്പെട്ട സ്കോര്‍ അടിച്ചെടുത്തത് ഇമാമൂല്‍ ഹഖ് ആണ്. 83 റണ്‍സ് താരം കരസ്ഥമാക്കിയെങ്കിലും പാകിസ്ഥാന് വിജയിക്കാനായില്ല. മുഷ്ഫിഖര്‍ റഹിമിന്റെയും മുഹമ്മദ് മിഥുന്റെയും കൂട്ടുകെട്ട് ബംഗ്ലാദേശിനെ ഏറെ തുണച്ചു. മുഷ്ഫിഖര്‍ 99 റണ്‍സും മിഥുന് 60 റണ്‍സുമെടുത്ത് കളിയെ ഭേദപ്പെട്ട നിലയിലാക്കി. പാകിസ്ഥാന്റെ ശുഐബ് മാലിക്ക് ബാറ്റിങിന്റെ തുടക്കത്തില്‍ മികച്ചു നിന്നെങ്കിലും മുപ്പത് റണ്സെടുത്തപ്പോളാണ് താരത്തിനും മടങ്ങേണ്ടിവന്നത്.
സെമി ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് നന്നായിതന്നെ കളിച്ചു. മൂന്ന് വിക്കറ്റിന് പന്ത്രണ്ട് റണ്‍സ് എന്ന തോതിലേക്ക് ഇടയ്ക്ക് കളിമാറിയെങ്കിലും ശക്തമായ തിരിച്ചുവരവു തന്നെ ടീം നടത്തി. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് പുറത്തെടുത്ത പ്രകടനം ഫൈനലില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.