കാണാതെ പോകരുത് ‘വിലക്ക്’ കല്പിച്ച ഇവരുടെ ഈ ജീവസംഗീതം

September 12, 2018

കേഴിക്കോട് നഗരത്തിലെ തിരക്കുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോഴും കാതുകളില്‍ അലയടിക്കുന്ന ഒരു സംഗീതമുണ്ട് ബാബു ഭായിയുടെയും കുടുംബത്തിന്റെയും ജീവസംഗീതം. മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി ഇവരുടെ സംഗീതം കോഴിക്കോടിന്റെ തെരുവോരങ്ങളില്‍ അലയടിച്ചുതുടങ്ങിയിട്ട്. എന്നാല്‍ കുറച്ച് മാസങ്ങളായി ഇവര്‍ക്ക് വിലക്ക് കല്പിച്ചിരിക്കുകയാണ് പോലീസ്. മിഠായിത്തെരുവിലോ, മാനാഞ്ചിറയിലോ, ബീച്ചിലോ ഒന്നും ഇവര്‍ക്ക് പാടാന്‍ പോലീസ് അനുവാദം നല്‍കുന്നില്ല. തെരുവുഗായകര്‍ എന്ന് പേരു നല്‍കി അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നവര്‍ അറിയാതെ പോകുന്ന ഒന്നുണ്ട്; യഥാര്‍ത്ഥ ശുദ്ധ സംഗീതം.

കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തേക്കാള്‍ പഴക്കമുണ്ട് ബാബുഭായിയുടെ സംഗീതത്തിന്. ഡോലക്ക് കൊട്ടി മുഹമ്മദ് റാഫിയുടെയും കിഷോര്‍ കുമാറിന്റെയുമൊക്കെ പാട്ട് പാടുമ്പോള്‍ സ്വയം മറന്ന് താളം പിടിക്കാറുണ്ട് പലരും. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം അത്രമേല്‍ ആര്‍ദ്രമാണ് ബാബുഭായിയുടെ സംഗീതം. പൊട്ടിപ്പൊളിഞ്ഞുപോയ ഹര്‍മോണിയത്തില്‍ തഴമ്പിച്ച തന്റെ വിരലുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ബാബുഭായിയുടെ ഭാര്യ ലതയും മകള്‍ കൗസല്യയുമൊക്കെ നിത്യസംഗീതത്തിന്റെ അനശ്വര പ്രതീകങ്ങള്‍ തന്നെയാണ്. അനേകം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തില്‍ നിന്നും കേരളത്തിലെത്തിയ ഗായകുടുംബത്തിന്റെ വേരുകളാണ് ബാബുഭായിയുടേതും.

തൊണ്ടപ്പൊട്ടിപ്പോകുന്ന സ്വരത്തില്‍ ബാബുഭായി പാടുന്നത് എക്കാലത്തും ആസ്വാദകമനസ്സുകളില്‍ ഇടംപിടിച്ച ഗാനങ്ങള്‍ മാത്രമല്ല. അതിനുമപ്പുറം ഒരു നിലവിളി കൂടി പ്രതിഫലിക്കുന്നുണ്ട് ആ സ്വരത്തില്‍. അതിജീവനത്തിനുവേണ്ടിയുള്ള നിലവിളി. ഒരു ദിവസം മുഴുവന്‍ അലറിപ്പാടുമ്പോഴും ഇവര്‍ക്ക് ലഭിക്കുന്നത് ചെറിയ തുക മാത്രമാണ്. ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉപജീവനമാര്‍ഗമാണ് ഈ സംഗീതം. നഗരത്തിന് മോഡി കൂട്ടാന്‍ തെരുവുഗായകര്‍ എന്നു മുദ്ര കുത്തി ബാബുഭായിയെയും കുടുംബത്തെയും അകറ്റിനിര്‍ത്തുമ്പോള്‍ നഷ്ടമാകുന്നത് നഗരത്തിന്റെ യഥാര്‍ത്ഥ ഭംഗി തന്നെയാണ്.

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോകാത്ത ചിലതേ ഉള്ളൂ സമൂഹത്തില്‍. അതില്‍ ഒന്നു തന്നെയാണ് സംഗീതവും. കാലാന്തരങ്ങള്‍ക്കപ്പുറം സംഗീതം നിലനില്‍ക്കുന്നു എന്ന തിരിച്ചറിവ് മാത്രം മതി ബാബുഭായിയുടെ സംഗീതത്തിന്റെ ആഴം മനസിലാക്കാന്‍. ബാബുഭായിയെയും കുടുംബത്തെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ബാബുഭായിയും കുടുംബവും ഇനിയും പാടട്ടെ. ഇവരുടെ ഈ ജീവസംഗീതം പാട്ടുകളെ എന്നും താലോലിക്കുന്ന കല്ലായിപ്പുഴയുടെ തീരങ്ങളില്‍ അലയടിക്കട്ടെ. തെരുവുഗായകര്‍ എന്ന വിളിപ്പേരോടെ ഇവരെ മാറ്റിനിര്‍ത്തുന്നവര്‍ ഒരു കാലത്ത് സ്‌നേഹഗായകര്‍ എന്ന് ഇവരെ തിരിച്ചുവിളിക്കാതിരിക്കില്ല. കാരണം മരണമില്ലാത്തതാണല്ലോ സംഗീതം.