ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം വരുന്നു

September 13, 2018

ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥയൊരുങ്ങുന്നതാണ് പുതിയ ചിത്രം. പഴയകാല നിര്‍മ്മാതാക്കളും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മധുരചൂരല്‍, ഒരു ഒന്നൊന്നരപ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെബിന്‍ ബെന്‍സണ്‍, മനോജ് കെ ജയന്‍, ആശാ ശരത് എന്നിവരാണ് പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതിയ ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഒരു യഥാര്‍ത്ഥ സംഭവം തന്നെയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.

ചലച്ചിത്രനടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശിന്റെ മക്കളാണ് ബോബിയും സഞ്ജയും. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് ആയിരുന്നു ബോബി സഞ്ജയ് തിരക്കഥയെഴുതിയ രണ്ടാമത്തെ ചിത്രം. മൂന്നാമത്തെ ചിത്രമായ 2011-ല്‍ പുറത്തിറങ്ങിയ ട്രാഫിക് വളരെയധികം ജനശ്രദ്ധ നേടി. വ്യത്യസ്തമായ ശൈലിയിലുള്ളതായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ.