അമ്മയുടെ മരണശേഷം വില്ലൻ കഥാപാത്രങ്ങളോട് വിട പറഞ്ഞ കലാകാരൻ..

September 17, 2018

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത കലാകാരൻ, വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയെ അനശ്വരമാക്കിയ കലാപ്രതിഭകളിൽ ഒരാൾ. വില്ലനായും സഹനടനായും ഹാസ്യ താരമായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന കഥാപാത്രം. കാലയവനികയ്‌ക്കുള്ളിലേക്ക് മൺമറഞ്ഞുപോയ മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടനെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല..

പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ക്യാപ്റ്റൻ 500 ലധികം ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയ മികവ് തെളിയിച്ച താരം സിനിമ ലോകത്തിന് വലിയൊരു നഷ്ടമാണ്. വില്ലൻ ചിത്രങ്ങളിലൂടെ സിനിമാ ലോകം നെഞ്ചേറ്റിയ താരം പെട്ടെന്നൊരു ദിനത്തിൽ വില്ലൻ കഥാപാത്രങ്ങളെ ഒഴിവാക്കുകയായിരുന്നു. അത് അമ്മയ്ക്ക് വേണ്ടിയുള്ള തീരുമാനമാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ക്യാപ്റ്റൻ രാജുവിന്റെ നെഗറ്റിവ് റോളുകളോട് അമ്മയ്ക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. അതിനാൽ അമ്മയുടെ മരണ ശേഷം അത്തരം കഥാപാത്രങ്ങളെ അദ്ദേഹം വേണ്ടന്ന് വെക്കുകയായിരുന്നു. പിന്നീട് ഹാസ്യ താരമായും സഹനടനായും മലയാള സിനിമയിൽ തന്നെ തിളങ്ങിയ അദ്ദേഹം കുറച്ച് നാളുകളായി ആരോഗ്യകാരണങ്ങളെ തുടർന്ന് മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഹാസ്യനടനായും വില്ലനായും സഹനടനായും സംവിധായകനുമായെല്ലാം അരങ്ങു ഗംഭീരമാക്കിയ പ്രതിഭ തന്റെ കൈയ്യിൽ വരുന്ന എല്ലാ കഥാപാത്രങ്ങൾക്കും തനതായ ഒരു ശൈലി നൽകിയിരുന്നു.