അതിജീവനത്തിന്റെ സന്ദേശവാഹകരായ ചേക്കുട്ടികളെ ചേർത്തുനിർത്തി കേരളം..

ചേറിനെ അതിജീവിച്ച ചേക്കുട്ടിയെ ചേർത്തുനിർത്തിയിരിക്കുകയാണ് കേരളക്കര മുഴുവനും..അതിജീവനത്തിന്റെ പ്രതീകമായി കേരളം കണ്ട ചേക്കുട്ടിയെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാവില്ല. കാണാൻ അത്ര ചേലൊന്നുമില്ലെങ്കിലും കേരളം മുഴുവൻ ഹൃദയത്തോട് ചേർത്തുവെക്കുകയാണ് ഈ പാവക്കുട്ടികളെ..
അതിജീവനത്തിന്റെ സന്ദേശവാഹകരായി എത്തുകയാണ് ഈ പാവക്കുട്ടികളും. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റും വെള്ളത്തിൽ നശിച്ചുപോയി. ഉപയോഗ ശൂന്യമായ ഈ കൈത്തറി തുണിത്തരങ്ങളെ ഉപയോഗിച്ച് പാവക്കുട്ടികളെ ഉണ്ടാക്കുകയാണ് കൊച്ചിയിലെ സൗഹൃദ കൂട്ടായ്മ. ലക്ഷ്മി, ഗോപി എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ഈ ആശയം.
അതിജീവനത്തിന്റെ സന്ദേശ വാഹകരായി എത്തുന്ന ഈ പാവക്കുട്ടികൾക്ക് ചേക്കുട്ടി എന്നാണ് പേര് നൽകിയിരിക്കുന്നത്. ചേറിനെ അതിജീവിച്ച കുട്ടി എന്നതിന്റെ ചുരുക്കപ്പേരാണ് ചേക്കുട്ടി. ഇത്തരത്തിൽ കൊച്ചിയിലെ സൗഹൃദ കൂട്ടായ്മ ഉണ്ടാക്കി വിൽക്കുന്ന പാവക്കുട്ടികളിൽ നിന്നും ശേഖരിക്കുന്ന പണം ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളുടെ പുനർ നിർമ്മാണത്തിനായാണ് ഉപയോഗിക്കുക. കൈത്തറി ഉപജീവന മാർഗമാക്കിയ ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന സ്ഥലമാണ് ചേന്ദമംഗലം.
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കൈത്തറി യൂണിറ്റുകളിൽ നിന്നും നഷ്ടമായത്. ഇവർക്ക് ഒരു പുനർജ്ജന്മം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ സൗഹൃദയ കൂട്ടായ്മ ചേക്കുട്ടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഉപയോഗ്യ ശൂന്യമായ കൈത്തറി തുണിത്തരങ്ങൾ അണുവിമുക്തമാക്കിയ ശേഷമാണ് ഇവ ഉപയോഗിച്ച് പാവക്കുട്ടികളെ നിർമ്മിക്കുന്നത്. 1500 രൂപ വരുന്ന ഒരു സാരിയിൽ നിന്നും ഏകദേശം 360 ഓളം പാവക്കുട്ടികളെയാണ് സൃഷ്ടിക്കാൻ സാധിക്കുന്നത്.