ചിമ്പുവിന് വേണ്ടി വിചിത്രമായ താരാരാധനയുമായി യുവാവ്..

September 30, 2018

തങ്ങളുടെ ഇഷ്ടതാരങ്ങളോടുളള ആരാധന വ്യത്യസ്ത രീതികളിലാണ് പലപ്പോഴും ആരാധാകർ ചെയ്യാറ്. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ പാലഭിഷേകം നടത്തിയും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ അവരോടുള്ള സ്നേഹം കാണിക്കാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു താരാരാധനയുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നൊരു ചിമ്പു ഫാൻ.

ചിമ്പുവിൻറെ പുതിയ ചിത്രം ചെക്ക് ചിവന്ത വാനം തിയേറ്ററുകളിൽ എത്തിയ ദിവസമാണ് തന്റെ ആരാധനാ മൂർത്തിയോടുള്ള ഇഷ്ടം കാണിക്കുന്നതിനായി ഒരു യുവാവ് ജെസിബിയിൽ ശരീരം കെട്ടിയിട്ട് താരാധന നടത്തിയത്. അതേസമയം ഈ വീഡിയോ വൈറലായതോടെ ആരാധന മൂത്ത് ആളുകൾ സ്വയം വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രകടങ്ങൾ ചെയ്യുന്നത് തികച്ചും അബദ്ധമാണെന്ന അഭിപ്രായവുമായി നിരവധി ആളുകൾ രംഗത്തെത്തി. ഇത്തരത്തിൽ  അപകടകരമായ രീതിയിലുള്ള താരാരാധന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും നിരവധി ആളുകൾ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. അധോലോക നായകന്റെ മരണശേഷം അധികാരത്തിന്റെ പേരില്‍ മക്കളില്‍ ഉടലെടുക്കുന്ന പകയും പ്രതികാരവുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചെക്ക ചിവന്ത വാനം’.

തമിഴിലെ പ്രമുഖ താരനിരകളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിമ്പുവും അരവിന്ദ് സ്വാമിയും അരുണ്‍ വിജയ് യും ചിത്രത്തില്‍ ഗുണ്ടാ സഹോദരങ്ങളുടെ വേഷത്തിലെത്തുന്നു. പോലീസ് വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. മണിരത്‌നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിർവഹിച്ചിരിക്കുന്നത്.