ഡെയ്ല്‍ സ്‌റ്റെയിന്‍ ആരാധിക്കുന്ന ആ ‘ഇന്ത്യന്‍ ബൗളര്‍’

September 7, 2018

കായികലോകത്ത് പലര്‍ക്കും പലരോടും ആരാധന തോന്നാറുണ്ട്. എന്നാല്‍ ഒരു കായകതാരത്തിന് മറ്റൊരു കായികതാരത്തിനോട് ആരാധന തോന്നുന്നത് വിരളമാണ്. ബൗളിങില്‍ ഇതിഹാസം സൃഷ്ടിക്കുന്നവരുടെ പേരിന്റെ കൂട്ടത്തില്‍ മുഖ്യ സ്ഥാനമാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍. എന്നാല്‍ താരം ഇപ്പോള്‍ ഒരു പ്രാഖ്യാപനം നടത്തിയിരിക്കുകയാണ്. ഒരു ഇന്ത്യന്‍ ബൗളറോടാണേ്രത സ്‌റ്റെയിന് കടുത്ത ആരാധന. ഈ ഇന്ത്യന്‍ കായികതാരം ആരാണെന്നല്ലേ , സാക്ഷാല്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മ.

ഇന്ത്യന്‍ കായികതാരങ്ങള്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത് സ്വന്തം രാജ്യത്തെ കളിക്കളങ്ങളില്‍ തന്നെയാണ്. പേസ് ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ പിച്ചുകള്‍ അത്ര അനുയോജ്യമല്ല. എന്നിട്ടും ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതുകൊണ്ടാണ് തനിക്ക് ഇശാന്തിനോട് ആരാധനയുള്ളതെന്നും സ്‌റ്റെയിന്‍ വെളിപ്പെടുത്തി. ബിസിസിഐ ടിവിയോടാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്.

ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഭ തെളിയിക്കാന്‍ അവസരം ലഭിക്കുന്നത് ഇംഗ്ലണ്ടിലൊക്കെ പര്യടനത്തിന് പോകുമ്പോള്‍ മാത്രമാണ്. അല്ലാത്തപ്പോള്‍ സ്പിന്നര്‍മാരെ ആശ്രയിച്ചാണ് ഇന്ത്യ കളിക്കുന്നത്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചത് ഇഷാന്തിന് സഹായകരമായെന്നും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തെന്നും സ്റ്റെയിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

കളിക്കളത്തിലെ മിന്നും താരം തന്നെയാണ് ഇശാന്ത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം ഇശാന്ത് കാഴ്ചവെച്ചിരുന്നു. പരമ്പരയിലെ നാല് ടെസ്റ്റില്‍ നിന്നുമായി 15 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റും ഇശാന്ത് വീഴ്ത്തി.