ഇന്ത്യൻ ടീമിന്റെ പരിശീലനം ഏറ്റെടുത്ത് ധോണി..

September 17, 2018

ഏഷ്യ കപ്പ് 2018ന് മുന്നോടിയായി ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം  ദുബൈയിൽ എത്തിയിരുന്നു . രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ മുൻ ക്യാപ്റ്റൻ എം എസ് ധോണിയും ടീമിനൊപ്പം ദുബായിൽ എത്തി..എന്നാല്‍ പരിശീലന്‍ രവി ശാസ്ത്രിയും മറ്റ് താരങ്ങളും യുഎഇയില്‍ എത്തുന്നതിന് മുന്‍പ് തന്നെ രോഹിതും സംഘവും പരിശീലനം ആരംഭിച്ചിരുന്നു. രവി ശാസ്‌ത്രിയുടെ അഭാവത്തില്‍ ധോണിയാണ് പരിശീലന്‍റെ റോളിലെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടിയ ഏഷ്യൻ ടീമുകളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളെക്കൂടാതെ ഹോങ്കോങ്ങും ഏഷ്യ കപ്പിൽ ഇത്തവണ പങ്കെടുക്കുന്നുണ്ട് . ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പരിശീലകന്‍ രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള സംഘം കഴിഞ്ഞ ദിവസമാണ് വിമാനമിറങ്ങിയത്.

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമമനുവദിച്ചതിനെ തുടർന്ന് രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുക. അതിനാല്‍ സീനിയര്‍ താരം ധോണിയുടെ സാന്നിധ്യം ടീമിന് പ്രധാനമാണ്. മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരും പുതുമുഖം ഖലീല്‍ അഹമ്മദും ടീമിലുണ്ട്.

അതേസമയം ഏഷ്യാ കപ്പ് ക്രിക്കറ്റ്  ടൂര്‍ണമെന്റില്‍ ഹോങ്കോങിനെ മുട്ട് കുത്തിച്ച് പാക്കിസ്ഥാൻ ഇന്നലെ വിജയം കരസ്ഥമാക്കി. ഹോങ്കോങിനെതിരെ  എട്ട് വിക്കറ്റ് വിജയമാണ് പാക്കിസ്ഥാൻ കരസ്ഥമാക്കിയത്. ഹോങ്കോങ് നേടിയ  117 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 24 ഓവറില്‍ മറികടക്കുകയായിരുന്നു.